കേരളം– ഉത്തർപ്രദേശ് മത്സരത്തിൽനിന്ന്

ആലപ്പുഴ∙ രഞ്ജി ട്രോഫിയിലെ ആദ്യ ഇന്നിങ്സിൽ ഉത്തർപ്രദേശ് 302 റൺസിനു പുറത്ത്. മധ്യനിരയിൽ റിങ്കു സിങ്ങിന്റെയും (136 പന്തിൽ 92), ധ്രുവ് ജുറലിന്റെയും (123 പന്തിൽ 63) അർധ സെഞ്ചറി പ്രകടനങ്ങളാണ് ഉത്തർപ്രദേശിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തിൽ‌ 32 റൺസെന്ന നിലയിലാണ്. കൃഷ്ണ പ്രസാദും (പൂജ്യം), രോഹൻ എസ്. കുന്നുമ്മലുമാണ് (19 പന്തിൽ 11) പുറത്തായത്. രോഹൻ പ്രേം (34 പന്തിൽ 14), സച്ചിൻ ബേബി (19 പന്തിൽ നാല്) എന്നിവരാണു ക്രീസിൽ.

64 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റൺസെന്ന നിലയിലാണ് ഉത്തർപ്രദേശ് രണ്ടാം ദിവസം കളി തുടങ്ങിയത്. ധ്രുവ് ജുറലാണു ശനിയാഴ്ച ആദ്യം പുറത്തായത്. ബേസിൽ തമ്പിയുടെ പന്തിൽ കൃഷ്ണപ്രസാദ് ക്യാച്ചെടുത്തു താരത്തെ പുറത്താക്കി. 33 പന്തിൽ 20 റണ്‍സെടുത്ത സൗരഭ് കുമാറിനെ രോഹൻ കുന്നുമ്മൽ റൺഔട്ടാക്കി. റിങ്കു സിങ് സെഞ്ചറിയിലേക്കു കുതിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 92 റൺസിൽ നിൽക്കെ താരം പുറത്തായി. എം.ഡി. നിധീഷിന്റെ പന്തിൽ വിഷ്ണു വിനോദ് ക്യാച്ചെടുത്തു താരത്തെ പുറത്താക്കുകയായിരുന്നു.

അടുത്ത പന്തിൽ യാഷ് ദയാലിനെയും നിധീഷ് മടക്കി. സ്കോർ 300 കടന്നതിനു പിന്നാലെ യുപിയുടെ പത്താം വിക്കറ്റും വീണു. 21 പന്തിൽ അഞ്ച് റൺസെടുത്ത് കുൽദീപ് യാദവാണു പുറത്തായത്. വെളിച്ചക്കുറവു മൂലം വെള്ളിയാഴ്ച മത്സരം നേരത്തേ അവസാനിപ്പിച്ചിരുന്നു. മത്സരത്തിന്റെ നാലാം ഓവറിൽ ഓപ്പണർ സമർഥ് സിങ്ങിനെ എൽബിഡബ്ല്യു ആക്കി എം.ഡി. നിധീഷാണ് കേരളത്തിനായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റൻ ആര്യൻ ജുയൽ (57 പന്തിൽ 28) റൺസെടുത്തു. 69 പന്തിൽ 44 റൺസുമായി നിലയുറപ്പിക്കാന്‍ ശ്രമിച്ച പ്രിയം ഗാർഗിനെ ബേസില്‍ തമ്പി ബോൾഡാക്കി. അക്ഷ്ദീപ് നാഥ് (23 പന്തിൽ 9), സമീർ റിസ്വി (18 പന്തിൽ 26) എന്നിവർക്കും അധിക നേരം പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

തുടർന്നാണ് റിങ്കു സിങ്ങും ധ്രുവ് ജുറലും ഉത്തർപ്രദേശിന്റെ രക്ഷയ്ക്കെത്തിയത്. ആലപ്പുഴ ആദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. വ്യാഴാഴ്ച രാത്രി ആലപ്പുഴയില്‍ മഴ പെയ്തതിനാൽ വൈകിയാണ് ആദ്യ ദിവസം കളി തുടങ്ങിയത്. ആലപ്പുഴയിലെ എസ്ഡി കോളജ് മൈതാനത്തിലാണ് കളി നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here