കെബർഹ (ദക്ഷിണാഫ്രിക്ക)∙ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46.2 ഓവറിൽ 211 റൺസെടുത്തു പുറത്തായി. യുവതാരം സായ് സുദർശൻ (83 പന്തിൽ 62), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (64 പന്തിൽ 56) എന്നിവർക്കു മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചത്.

വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ 23 പന്തില്‍ 12 റൺസെടുത്തു പുറത്തായി. വാലറ്റത്ത് അർ‌ഷ്ദീപ് സിങ്ങും (17 പന്തിൽ 18), ആവേശ് ഖാനും (ഒൻപതു പന്തിൽ ഒൻപത്) ചേർന്നാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബർഗർ മൂന്നു വിക്കറ്റു വീഴ്ത്തി. ബ്യൂറൻ ഹെൻറിക്സ്, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഏയ്‌ഡൻ മാക്രം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ടീമിനൊപ്പം ചേരുന്നതിനായി ടീം വിട്ട മധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. എട്ടു വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലാണ്. ജയിച്ചാൽ മൂന്നു മത്സരപരമ്പര ഉറപ്പിക്കാം. ഇപ്പോൾ കെബർഹ എന്നറിയപ്പെടുന്ന പോർട്ട് എലിസബത്തിലെ സെന്റ് ജോർജസ് ഓവലിലാണ് മത്സരം. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സ്ലോ ആയ പിച്ചുകളിലൊന്നാണ് ഇവിടെയുള്ളത്. കഴിഞ്ഞ 8 ഏകദിനങ്ങളിൽ ഒരുടീമും 300 കടന്നിട്ടില്ല. നാലു വർഷം മുൻപായിരുന്നു അവസാന ഏകദിനം.

LEAVE A REPLY

Please enter your comment!
Please enter your name here