ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തി വേലിക്ക് തൊട്ട് താഴെ തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി സുരക്ഷാ സേന. അതിര്‍ത്തി വേലിയില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള തുരങ്കം വ്യാഴാഴ്ച ജമ്മുവിലെ സാംബ സെക്ടറില്‍ ബി.എസ്.എഫ് പട്രോളിംങിനിടെയാണ് കണ്ടെത്തിയത്. തുരങ്കത്തിന് 20 അടിയോളം താഴ്ച്ചയുള്ളതായാണ് സൂചന. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായകമാകുന്ന ഇത്തരം തുരങ്കങ്ങള്‍ ഇനിയുമുണ്ടോ എന്നറിയാനായി ബി.എസ്.എഫ് വ്യാപക പരിശോധന നടത്തി.

നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രമങ്ങള്‍ ശക്തമാണെന്നും വീഴ്ചകള്‍ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്താന്‍ ബിഎസ്‌എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന തന്റെ അതിര്‍ത്തി കമാന്‍ഡര്‍മാരോട് നിര്‍ദ്ദേശിച്ചു. തുരങ്കത്തിനു സമീപം മണല്‍ നിറച്ച പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തിയിട്ടുണ്ട. ഈ ചാക്കുകളില്‍ പാകിസ്താന്‍ മുദ്രയുള്ളതായും അധികൃതര്‍ അറിയിച്ചു.

‘കറാച്ചി, ഷക്കര്‍ഗഡ്’ എന്നിങ്ങനെ എഴുതിയ 810 ഓളം പ്ലാസ്റ്റിക് മണല്‍ചാക്കുകളാണ് തുരങ്കത്തില്‍ നിന്ന് കണ്ടെടുത്തത്. ബാഗുകളുടെ നിര്‍മ്മാണത്തിയ്യതിയും കാലാവധി അവസാനിക്കുന്ന തിയ്യതിയും പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും അവ അടുത്തിടെ നിര്‍മ്മിച്ചതാണെന്ന് വ്യക്തമാകുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തില്‍ നിന്ന് 700 മീറ്റര്‍ അകലെയാണ് പാകിസ്താന്‍ അതിര്‍ത്തി പോസ്റ്റായ ‘ഗുല്‍സാര്‍’. പാകിസ്താനി റേഞ്ചര്‍മാരുടെയും മറ്റ് ഏജന്‍സികളുടെയും അനുമതിയും സഹായവുമില്ലാതെ ഇത്തരത്തില്‍ ഒരു വലിയ തുരങ്കം നിര്‍മിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here