പവര്‍ ഹിറ്റുകളും അണ്‍ ഓര്‍ത്തഡോക്സ് ഷോട്ടുകളും ആഘോഷമാക്കുന്ന ടി20 കാലത്ത് കോപ്പിബുക്ക്‌ ക്രിക്കറ്റ് ഷോട്ടുകളിലൂടെ മൂന്നു ഫോര്‍മാറ്റിലും ശോഭിക്കുന്ന ചുരുക്കം ചില എലൈറ്റ് ബാറ്റ്സ്മാന്‍മാരിലൊരാളാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. ബഹളങ്ങളോ ആരവങ്ങളോ എതിര്‍ ടീം താരങ്ങളുടെ നേരെ അമിത അ​ഗ്രഷനോ കാട്ടാതെ വില്യംസണ്‍ തന്റെ സ്വതസിദ്ധശൈലിയില്‍ ബാറ്റ് വീശുന്നത് കാണുന്നതാവും ആധുനികക്രിക്കറ്റിലെ ഏറ്റവും ചന്തമുള്ള കാഴ്ചകളിലൊന്ന്.

കഴിഞ്ഞ ദിവസമാണ് വില്യംസണ്‍ ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. അഞ്ച് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത് വില്യംസണ്‍ ആഘോഷിച്ചത് തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി ആണ്. പാക്കിസ്ഥാനെതിരെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് വില്യംസന്‍ വീണ്ടും സെഞ്ചുറി നേടിയത്. ഒന്നാം ഇന്നിങ്സില്‍ 297ന് ഓള്‍ഔട്ടായ പാക്കിസ്ഥാനെതിരെ, രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ ടെസ്റ്റ് കരിയറിലെ 24-ാം സെഞ്ചുറി നേടിയ വില്യംസന്‍, 112 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ട്.

175 പന്തില്‍ 16 ഫോറുകള്‍ സഹിതമാണ് വില്യംസന്‍ 112 റണ്‍സെടുത്തത്. ടെസ്റ്റില്‍ വില്യംസന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയെന്ന പ്രത്യേകതയുമുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടി കരുത്തുകാട്ടിയ വില്യംസന്‍, പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി (129) നേടിയിരുന്നു. സ്റ്റീവ് സ്മിത്തിനെയും വിരാട് കോഹ്ലിയേയും പിന്തള്ളി കഴിഞ്ഞ ദിവസമാണ് ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ വില്യംസണ്‍ ഒന്നാമതെത്തിയത്. സെഞ്ച്വറി പ്രകടനത്തോടെ ഒന്നാം സ്ഥാനത്തിരിക്കാന്‍ താന്‍ എന്തുകൊണ്ടും യോ​ഗ്യനാണെന്ന് തെളിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here