ന്യൂ‍ഡൽഹി∙ നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു പെരുകുന്നു. സമ്മേളനത്തിൽ പങ്കെടുത്ത 295 പേരിൽ കോവിഡ് പരിശോധന പോസിറ്റീവായി. വ്യാഴാഴ്ച  രാവിലെ 11.45 വരെയുള്ള 485 കേസുകളിൽ 60 ശതമാനം പേർക്കാണ് നിസാമുദ്ദീൻ സമ്മേളനം ‘വഴി’ രോഗമെത്തിയത്. തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം വര്‍ധിച്ചതിലൂടെ ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു. ഇതുവരെ 2,069 കോവിഡ് കേസുകളും 54 മരണങ്ങളും രാജ്യത്തു റിപ്പോർട്ട് ചെയ്തതായാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സ്ഥിരീകരിച്ച 141 കേസുകളിൽ ഡൽഹിയാണു മുന്നിലുള്ളത്. ഡൽഹിയിലുള്ള 129 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് ബാധിച്ച 143 പേരാണ് തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലുള്ളത്. തമിഴ്നാട്ടിലെ 75 കേസുകളില്‍ 74 ഉം തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കത്തിൽ വന്നവരുമാണ്. തെലങ്കാനയിൽ 27 ൽ 26 കേസുകള്‍ക്കും തബ്‍ലീഗ് സമ്മേളനവുമായി ബന്ധം കണ്ടെത്തിയിട്ടുണ്ട്.  കർണാടകയിൽ 14 കേസുകളിൽ 11 ഉം ഇങ്ങനെയാണ്. ആന്ധ്രാപ്രദേശിൽ സമ്മേളനവുമായി ബന്ധപ്പെട്ട് 32 പേർക്കു രോഗം വന്നു.

ഇതിനു സമാനമാണു മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയും മധ്യപ്രദേശ്. അസം, മണിപ്പൂർ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്ത രോഗികൾക്കെല്ലാം നിസാമുദ്ദീനിൽ നടന്ന പരിപാടിയുമായി ബന്ധമുണ്ടായിരുന്നു. രാജസ്ഥാനിൽ 13 പോസിറ്റീവ് കേസുകളിൽ മൂന്ന് രോഗികൾക്ക് തബ്‍ലീഗ് സമ്മേളനവുമായി ബന്ധമുണ്ട്. യുപിയിൽ രണ്ടും മഹാരാഷ്ട്രയില്‍ എട്ടും കേസുകൾ വ്യാഴാഴ്ച വരെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട പോസിറ്റീവ് കേസുകളെ തുടർന്ന് ഡൽഹി, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണുണ്ടായത്. ആന്ധ്രാ പ്രദേശിലെ രോഗികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മൂന്ന് മടങ്ങാണു വര്‍ധിച്ചത്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ 758 പേരിൽ പരിശോധന നടത്തിയതിൽ 91 പേർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ആന്ധ്ര സ്റ്റേറ്റ് നോ‍‍ഡൽ ഓഫിസർ എ. ശ്രീകാന്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here