മാര്‍ച്ച്‌ 31ന് ശേഷം രാജ്യത്ത് ‌പ്രതിദിന കൊവിഡ് നിരക്കില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദിനമാണിന്ന്. 70,421 പേര്‍ക്കാണ് ഇന്ത്യയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1,19,501 പേര്‍ രോഗമുക്തി നേടി. മരണമടഞ്ഞവരുടെ നിരക്ക് ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. 3921 പേരാണ് ഇന്ന് രോഗത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.

പ്രതിദിന രോഗബാധയില്‍ വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ 14,016 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാടാണ് ഒന്നാമത്. 11,584 പേരുമായി കേരളം രണ്ടാമതാണ്. 10,442 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്‌ട്ര മൂന്നാമതും 7810 കേസുകളുമായി കര്‍ണാടകയും 6770 കേസുകളുമായി ആന്ധ്രാ പ്രദേശും തൊട്ടുപിന്നിലുണ്ട്. 71.88 ശതമാനം രോഗികളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നും 19.9 ശതമാനം രോഗികളുണ്ട്.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2.95 കോടിയാണ്. ഇതില്‍ 2.81 കോടി ജനങ്ങള്‍ രോഗമുക്തരായി. മറ്റ് രാജ്യങ്ങളെക്കാള്‍ വേഗത്തിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രോഗമുക്തി നിരക്ക് ഉയര്‍ന്നതോടെ ഡല്‍ഹി, ഹരിയാന, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here