കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹരജികള്‍ സുപ്രീംകോടതി പരിഗണിച്ചില്ല. ഇതോടെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13ന് തന്നെ നടക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിനായി സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തുകയും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയതായും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷാര്ഥികെള സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹരജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തയാറായില്ല. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കല്‍ സാധ്യമാകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ആഗസ്റ്റ് 17ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി ദീര്‍ഘകാലം അപകടത്തിലാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.