ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു.കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റര്‍ജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു.

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്ര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

കല്‍ക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയല്‍ദാ റെയില്‍വേ സ്റ്റേഷനു സമീപമുള്ള മിര്‍സാപുരിലാണ് സൗമിത്ര ജനിച്ചത്. പത്തു വയസ്സു വരെ അദ്ദേഹം വളര്‍ന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാല്‍ റേയുടെ പട്ടണമായ കൃഷ്ണനഗറിന് തനതായൊരു നാടകസംസ്കാരമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here