തുറസ്സായ സ്ഥലത്ത് വന്യജീവികളെ അടുത്തുനിന്ന് കൺകുളിർക്കെ കാണാൻ അവസരമൊരുക്കി അൽ ഐൻ മൃഗശാലയിൽ വ്യാഴാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നു. കോവിഡ് രോഗ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മുൻകരുതലുകളോടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ദിവസവും വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതുവരെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് കാഴ്ച ബംഗ്ലാവിൽ പ്രവേശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കഴിയും. ആവേശകരമായ അനുഭവങ്ങളും സാഹസികതകളും മൃഗശാലയിലെത്തുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ലഭ്യമാക്കുന്നതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ വിനോദ അനുഭവങ്ങളും സമ്മാനിക്കും. ജിറാഫുകൾ ആഹാരം കഴിക്കുന്ന കാഴ്ച, വിങ്സ് ഓഫ് സഹാറ, തത്തകളുടെ പ്രദർശനം എന്നിവ പരിചയസമ്പന്നരായ ഇമറാത്തി കേഡർമാരുടെ മേൽനോട്ടത്തിൽ സന്ദർകർക്ക് അനുഭൂതി പകരും.