കോവിഡ് പ്രതിരോധത്തിൽ ലോകത്തിന്റെ ഫ്രണ്ട്‌ലൈനായി മികവു കാട്ടി യുഎഇ. ലോകത്ത് ആദ്യം മൂന്നാംഘട്ട കോവിഡ് വാക്സീൻ ക്ലിനിക്കൽ പരീക്ഷണം നടത്തിയത് യുഎഇയിൽ. 125 രാജ്യക്കാരായ 31,000 പേരിൽ നടത്തിയ പരീക്ഷണ വിജയത്തെ തുടർന്ന് സെപ്റ്റംബറിൽ മുൻനിര പോരാളികൾക്കു എമർജൻസി വാക്സീൻ നൽകി. ഡിസംബർ മുതൽ സ്വദേശി–വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുന്നു. പ്രമുഖ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയും നാടുതോറും ഫീൽഡ് ആശുപത്രി സജ്ജമാക്കിയുമാണ് ചികിത്സയും ക്വാറന്റീനും ലഭ്യമാക്കിയത്.

രോഗികളും മരണവും കുറവ്

ജനസംഖ്യയെക്കാൾ (98.6) ഇരട്ടിയിലേറെ (2.07 കോടിയിലേറെ) പരിശോധന നടത്തിയിട്ടും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1% താഴെ. മരണം 0.3%. വീടുകൾ തോറും കയറിയുള്ള സൗജന്യ പരിശോധനാ ക്യാംപെയ്നും രാജ്യവ്യാപക അണുവിമുക്ത യജ്ഞവും തുടരുന്നു. 242 ദിവസം പിന്നിട്ട ദേശീയ അണുനശീകരണ പദ്ധതിയിലൂടെ 5 ലക്ഷത്തിലേറെ കിലോമീറ്റർ ശുചീകരിച്ചു.

ലോകത്തിന് താങ്ങായി

വിവിധ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വാക്സീൻ ശേഖരിച്ച് മതിയായ താപനിലയിൽ സൂക്ഷിച്ച് ഓരോ രാജ്യത്തിനും ആവശ്യാനുസരണം എളുപ്പം എത്തിക്കുന്ന ഉത്തരവാദിത്തം യുഎഇ ഏറ്റെടുത്തു. ഇതിനായി രൂപീകരിച്ച ഹോപ് കൺസോർഷ്യം നവംബറിൽ മാത്രം 50 ലക്ഷം ഡോസ് വാക്സീൻ വിതരണം ചെയ്തു. 2021 അവസാനത്തോടെ 1800 കോടി ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്യും. വാക്സീൻ സംഭരണം, വിതരണം, ഗതാഗതം എന്നിവയെല്ലാം ഹോപ് നിർവഹിക്കും.

ഡിജിറ്റൽ ലേണിങ്

വിദ്യാഭ്യാസം പൂർണമായും സ്മാർട്ടായ വർഷം. ടെക്നോളജി എല്ലാവർക്കും വഴങ്ങുമെന്ന് ഇ–ലേണിങിലൂടെ കുട്ടികളും അധ്യാപകരും തെളിയിച്ചു. കോഡർ, യൂ ട്യൂബർ തുടങ്ങി സാങ്കേതിക വിദ്യയിൽ പരീക്ഷണം നടത്തി വിജയിച്ചവരും ഏറെ. സ്കൂളിന്റെ പടികയറാതെ പഠനവും പരീക്ഷണവും ഓൺലൈനിൽ നടത്തിയ വർഷം.

ആണവോർജ ശക്തിയായി

ആണവോർജ രംഗത്ത് ലോക ശക്തികൾക്കൊപ്പം ഉയർന്ന യുഎഇ ബറാക ന്യൂക്ലിയർ പ്ലാന്റിലൂടെ ചരിത്രം കുറിച്ചത് ഫെബ്രുവരിയിൽ. അറബ് ലോകത്ത് ആണവോർജം സ്വന്തമാക്കുന്ന ആദ്യ രാജ്യം. ഡിസംബറിൽ 100% വൈദ്യൂതോൽപാദനം പൂർത്തിയാക്കി. 2008ൽ പ്രഖ്യാപിച്ച യുഎഇ ആണവോർജ പദ്ധതി 12 വർഷത്തെ പ്രയത്നത്തിനൊടുവിൽ യാഥാർഥ്യമാക്കി. 4 പ്ലാന്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ ഊർജോപയോഗത്തിൽ 25% സംഭാവന ചെയ്യും. ഇതുവഴി തടയുന്നത് 2.1 കോടി ടൺ കാർബൺ മലിനീകരണവും.

അതിജീവനത്തിന്റെ, കരുതലിന്റെ വർഷം

ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ പഠിപ്പിച്ച വർഷം. സഹജീവി സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ ഒട്ടേറെ. ഐസലേഷനിലും ക്വാറന്റീനിലുമുള്ളവർക്ക് ഭക്ഷണവും മരുന്നും എത്തിച്ച് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി മലയാളികൾ അടക്കമുള്ള സംഘടനാ പ്രവർത്തകർ കൈകോർത്ത വര്‍ഷം. ക്വാറന്റീനിൽ കിടന്നും ഫോണിലൂടെ സേവനത്തിന്റെ ഭാഗമായവർക്കും വേണം സല്യൂട്ട്.

സേവനങ്ങൾക്ക് യുഎഇ പാസ്

സർക്കാർ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ വീട്ടിലെത്തിച്ച യുഎഇ, ഓൺലൈൻ സേവനങ്ങൾക്ക് 2021 മുതൽ ‘യുഎഇ പാസ്’ നിർബന്ധമാക്കി. ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസായിരിക്കും സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖ. എല്ലാ ഓൺലൈൻ ഇടപാടുകൾക്കെല്ലാം ഇനി യുഎഇ പാസ് വേണം.

ഡോക്ടർ ഓൺ കോൾ

ചികിത്സ അത്യാവശ്യത്തിനു മാത്രം മതിയെന്നു തെളിയിച്ചു കോവിഡ്. അടിയന്തരമല്ലാത്ത രോഗികൾക്ക് ഫോണിലൂടെ കൺസൽട്ടിങ് നടത്തി മരുന്ന് വീട്ടിലെത്തിച്ചു. ആരോഗ്യ ഇൻഷൂറൻസിന്റെ ദുരുപയോഗവും ഇല്ലാതായി.

LEAVE A REPLY

Please enter your comment!
Please enter your name here