അക്കാഫ് വൊളന്റിയേഴ്സ് ഗ്രൂപ്പ് പ്രവാസികളെ കൊണ്ടുപോകുന്നതിനായി കേരളത്തിലേയ്ക്ക് ഏർപ്പെടുത്തുന്ന ആദ്യത്തെ ചാർട്ടേർഡ് വിമാനത്തിനുള്ള ന‌ടപടികൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

10 ദിവസത്തിനകം പുറപ്പെടാനാകുമെന്നാണ് കരുതുന്നതെന്ന് പോൾ ടി.ജോസഫ് പറഞ്ഞു. യുഎഇ യിലെ മലയാളികൾക്ക് നാട്ടിലേക്കു പോകാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. അക്കാഫ് അംഗങ്ങളെ കൂടാതെ, സാധാരണക്കാർക്കും അവസരം നൽകും.നടപടികൾ പൂർത്തിയാക്കാൻ വേണ്ടി മുൻ പ്രസിഡന്റ് സാനു മാത്യുവിനെ ജനറൽ കൺവീനർ തിരഞ്ഞെടുത്തു. എല്ലാ കോളജുകളും ഈ സംരംഭത്തിൽ സഹകരിക്കണമെന്ന് അഭ്യർഥിച്ചു.

കോവിഡ് 19 ഉണ്ടാക്കിയ ഭീതിയിൽ ലോകം പകച്ചു നിൽക്കെ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് അക്കാഫ്. ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പോലീസ്, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് അക്കാഫിന്റെ പ്രവർത്തനം. കോവിഡ് ബാധിച്ച് മുറികളിൽ കഴിയുന്നവർക്ക് ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചും, രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ തയാറാക്കിയുമൊക്കെ മനുഷ്യ നന്മയുടെ പര്യായമാവുകയാണ് അക്കാഫ് വൊളന്റിയർമാർ.

അരലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള യു.എ.ഇ.യിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നാണ് അക്കാഫ്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, ശമ്പളം ലഭിക്കാതെയും പ്രതിസന്ധിയിലായ ഒട്ടേറെപ്പേർക്ക് ഭക്ഷണക്കിറ്റുകളും സംഘടന എത്തിച്ചു നൽകുന്നു. ലേബർ ക്യാമ്പുകളിലെ ആയിരങ്ങൾക്ക് ഇതിനോടകം ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു കഴിഞ്ഞു. കൊറോണ കാലത്ത് ദുബായിലെ മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകാൻ ദുബായ് പോലീസും സി ഡി എയും ഒരുക്കിയ പദ്ധതിയിലും അക്കാഫിന്റെ പ്രവർത്തകർ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here