യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ദൂരക്കാഴ്ച കുറച്ച് പൊടിക്കാറ്റ് തുടരുന്നു. താപനില ഉയർന്നതോടെ രാവിലെ പത്തോടെ കടുത്ത ചൂട് അനുഭവപ്പെടുന്നു. ചിലയിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടാമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മേയ് അവസാനത്തോടെയാണ് വേനൽ ശക്തമാകുക. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളുടെ ഉൾപ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാണ്. മരുഭൂമിയിൽ നിന്നുള്ള മണൽ റോഡുകളിലേക്ക് അടിച്ചുകയറി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടെ പൊടിക്കാറ്റടിക്കുമ്പോൾ വാഹനത്തിന്റെ ഗ്ലാസിൽ വെള്ളം സ്പ്രേ ചെയ്തു കഴുകരുത്.

വെള്ളവും പൊടിയും കലർന്നു കാഴ്ച മറയും. ലെയ്ൻ മാറലും ഓവർടേക്കിങ്ങും പരമാവധി ഒഴിവാക്കണം. വേഗം കുറയ്ക്കുകയും മതിയായ അകലം പാലിക്കുകയും വേണം. വാഹനമോടിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ പരിഭ്രമിക്കാതെ സുരക്ഷിതമായി പാർക്ക് ചെയ്യുക. പൊലീസ്, ആർടിഎ അറിയിപ്പുകൾ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here