സിംഗപുര്‍: കൊറോണ വൈറസിനെ നേരിടാന്‍ സിംഗപുര്‍ ശക്തമായ നടപടികളാണ് ആദ്യംമുതല്‍ സ്വീകരിച്ചുവന്നത്. ആ പ്രതിരോധ നടപടികളുടെ സൂക്ഷ്മത വെളിവാക്കുന്നതാണ് അവിടെ അധികൃതര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍.

ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ള പൊതു ഇടങ്ങളില്‍ ഇടപെടുമ്ബോള്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒരു മീറ്റര്‍ പരിധി മറികടന്ന് മറ്റൊരാളുടെ സമീപത്തേയ്ക്ക് ചെന്നാല്‍ അയാളെ ഉടന്‍ ജയിലിലടയ്ക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ്.

രണ്ടു മാസമായി സിംഗപുര്‍ സ്വീകരിക്കുന്ന നടപടികള്‍ ലോകത്താകമാനം അഭിനന്ദിക്കപ്പെടുന്നുണ്ട്. ഈ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ സിംഗപുര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാറുകള്‍ അടയ്ക്കുകയും 10-ലധികം പേര്‍ കൂടിച്ചേരുന്നത് നിരോധിക്കുകയും ചെയ്തിട്ടണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം മറ്റൊരാളുടെ സമീപം ഒരു മീറ്ററില്‍ കുറഞ്ഞ പരിധിയില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ ശിക്ഷയ്ക്ക് വിധേയനാവും. ഉറപ്പിച്ച കസേരകളാണെങ്കിലും ഇടയ്ക്കുള്ള കസേരകള്‍ ഒഴിച്ചിട്ട് അകലംപാലിച്ച്‌ വേണം ഇരിക്കാന്‍. വരിനില്‍ക്കുമ്ബോഴും ഈ അകലം പാലിച്ചിരിക്കണം. അങ്ങനെയല്ലാത്തവരെ കുറ്റവാളികളായി കരുതി ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കും.

പതിനായിരം സിംഗപുര്‍ ഡോളര്‍ വരെ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഏപ്രില്‍ 30 വരെയാണ് രാജ്യത്ത് ഈ നിയമം നിലനില്‍ക്കുക. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കൂടുതല്‍ കര്‍ക്കശ നിയമങ്ങള്‍ നടപ്പാക്കാന്‍ മടിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ശക്തമായ നടപടികളിലൂടെ വൈറസ് വ്യാപനം കാര്യമായി പിടിച്ചുനിര്‍ത്താന്‍ സിംഗപൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബുധനാഴ്ച 73 പുതിയ കേസുകളും വ്യാഴാഴ്ച 52 കേസുകളും സിംഗപുരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 683 പേരാണ് ഇവിടെ ആകെ കൊറോണ ബാധിതര്‍. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here