ന്യൂഡല്‍ഹി: തൊഴിലും വാസസ്ഥലവും നഷ്ടപ്പെട്ട്, ഭക്ഷണമില്ലാതെ ലക്ഷക്കണക്കിന് ദരിദ്ര കുടിയേറ്റക്കാര്‍ ബസുകളില്‍ കുത്തിഞെരുങ്ങിയും കാല്‍നടയായും പലായനം ചെയ്യുന്ന കരളലിയിക്കുന്ന കാഴ്ചകള്‍ അവസാനിക്കുന്നില്ല. നിര്‍മ്മാണ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, ചെറുകിട രംഗങ്ങളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി നിത്യവേതനക്കാരാണിവര്‍. രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി. വരുമാനം നിലച്ചു. ഭക്ഷണവും ലഭിക്കാതായതോടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘങ്ങള്‍ പൊരിവെയിലത്തും രാത്രിയിലും കാല്‍നട യാത്ര തുടരുകയാണ്.
സ്വന്തം വീട്ടിലെത്താനാണ് ഈ കഷ്ടപ്പാട്.

കൊറോണ രോഗത്തിന്റെ കാഠിന്യമോ അതു പകരാനുള്ള സാദ്ധ്യതയോ ഇവരെ അലട്ടുന്നില്ല
എങ്ങനെയും നാട്ടിലെത്തിയാല്‍ മതി. സാമൂഹിക അകലമെന്നതൊന്നും ഇവിടെ വിലപ്പോകുന്നില്ല. വിവിധ സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തില്‍ നല്‍കുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്വാസം. അതും എല്ലാവര്‍ക്കും കിട്ടുന്നില്ല. കുടിവെള്ളവുമില്ല. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയുള്ള ഇതര സംസ്ഥാനത്തൊഴിലാളികളുടെ പലായനം കൊറോണ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയില്‍ ഇവരെ ക്യാമ്ബുകളില്‍ പാര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.


രാജ്യതലസ്ഥാനത്ത് ഡല്‍ഹി – യു.പി അതിര്‍ത്തിയായ ഗാസിയാബാദിലേക്കും അനന്ത് വിഹാര്‍ ബസ് സ്റ്റാന്‍ഡിലേക്കും ജനങ്ങളുടെ ഒഴുക്കാണ്. ആദ്യ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ബസുകളെത്തിച്ച്‌ തങ്ങളുടെ ആയിരത്തോളം തൊഴിലാളികളെ തിരികെ നാട്ടിലേക്ക് കൊണ്ട് പോയി. ഇന്നലെ ബിഹാറില്‍ നിന്നും മുപ്പതോളം ബസുകള്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി. ഹരിയാനയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും കിലോമീറ്ററുകള്‍ നടന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പോയി.

ഇതിനിടെ ഇന്നലെ രാജസ്ഥാനില്‍ നിന്ന് ഗുജറാത്തിലേക്ക് കൂട്ടമായി പാലായനം ചെയ്യവേ റെയില്‍വേ പാതയ്ക്ക് സമീപത്ത് കൂടി നടന്ന് പോകുകയായിരുന്ന രണ്ട് തൊഴിലാളികള്‍ വാപിയ്‌ക്ക് സമീപം വച്ച്‌ ചരക്ക് ട്രെയിനിടിച്ച്‌ മരിച്ചു. കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയും ഇതര സംസ്ഥാന തൊഴിലാളികള്‍ പലായനത്തിലാണ്. തെരുവില്‍ ഉറങ്ങുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ താത്കാലിക താമസസൗകര്യമൊരുക്കണെന്ന് സര്‍ക്കാരുകളോട് ദേശീയ ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here