കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്‌കൂളുകള്‍ക്കെതിരെ കടുത്ത നടപടിയുമായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). നിയമം ലംഘിക്കുന്ന സ്‌കൂളിനു 10,000 ദിര്‍ഹം മുതല്‍ 2.5 ലക്ഷം ദിര്‍ഹം വരെ പിഴയുണ്ടാകും.

നിയമലംഘനം ആവര്‍ത്തിക്കുന്ന സ്‌കൂളില്‍നിന്ന് കുട്ടികളെ മാറ്റാനും ഫീസ് തിരിച്ചുവാങ്ങാനും രക്ഷിതാക്കള്‍ക്കു അധികാരമുണ്ടെന്നും വ്യക്തമാക്കുന്നു. എമിറേറ്റിലെ സ്‌കൂളുകളും നഴ്‌സറികളും കോവിഡ് നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി പറഞ്ഞു.

സുരക്ഷയ്ക്കാണ് മുന്തിയ പരിഗണനയെന്നും ഇവ ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കുമെന്നും പറഞ്ഞു. ഇന്നു വരെ 221 സ്‌കൂളുകളിലും 119 നഴ്‌സറികളിലും പരിശോധന നടത്തിയതായും അറിയിച്ചു. സ്‌കൂളില്‍ നേരിട്ടെത്തുന്ന 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കു പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കുകയും ഒന്നര മീറ്റര്‍ അകലം പാലിക്കുകയും വേണം.

വിദ്യാര്‍ഥികള്‍ വരുന്നതിനു മുന്‍പും ശേഷവും പതിവായി സ്‌കൂള്‍ അണുവിമുക്തമാക്കണമെന്നും നിബന്ധനയുണ്ട്. കൂട്ടംചേരാനിടയാകുംവിധം മറ്റു കലാ, കായിക പരിപാടികളും പാടില്ല. സ്‌കൂളില്‍ എത്തുന്നവരും 96 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റ് അല്‍ഹൊസന്‍ ആപ്പില്‍ കാണിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here