ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3390 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 56,342 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 103 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 1886 ആയി. 16,540 പേർ രോഗമുക്തരായി. 29.36 ശതമാനം രോഗമുക്തി. 37,916 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച 42 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 29 ജില്ലകളിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിലും പുതിയ കേസുകളില്ല. രാജ്യത്തെ 216 ജില്ലകളെ ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 215 സ്റ്റേഷനുകളിലായി 5231 റെയിൽ‌വേ കോച്ചുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റും. ഗുരുതരമല്ലാത്ത് രോഗികളെ ഇവിടെ ചികിത്സിക്കുമെന്നും ലവ് അഗർവാൾ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 1089 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 19,063 രോഗികള്‍. 24 മണിക്കൂറിനിടെ 37 പേർകൂടി മരിച്ചതോടെ മരണസംഖ്യ 694 ആയി ഉയർന്നു. കോവിഡ് വ്യാപനത്തിലും മരണ നിരക്കിലും മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളാണ് മുന്നിൽ. ഡൽഹിയിലും രാജസ്ഥാനിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. രാജസ്ഥാനിൽ കോവിഡ് മരണം നൂറായി. കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാനും ആഗ്രയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്താകെ 35 സിഐഎസ്എഫ് ജവാന്മാർക്കും 195 ബിഎസ്എഫ് ജവാന്മാർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here