ഇന്ത്യയിൽ പ്രതിദിനം രേഖപ്പെടുത്തിയ കോവിഡ് കേസുകൾ 6,767 ൽ എത്തിയതോടെ ആകെ രോഗികൾ 1,31,868 ആയി. 147 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3,867 കടന്നു. 42% ആണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ രോഗബാധ രൂക്ഷമായി തുടരുന്നതിനാൽ 31 ന് അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ ആകുമെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ മൂന്നു ദിവസമായി 6000 ന് മുകളിലാണ്. ജൂൺ ആദ്യത്തോടെ രോഗികൾ രണ്ട് ലക്ഷം ആകാം. 73,560 പേർ ചികിത്സയിലുണ്ട്. അതേമയം 54,441 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാൻ 13 ദിവസം എടുക്കുന്നു. മരണനിരക്കും കുറവാണ്. പരിശോധന വര്‍ദ്ധിച്ചതും കേസുകള്‍ കൂടാൻ കാരണമായിട്ടുണ്ട്. രോഗബാധയിൽ മഹാരാഷ്ട്രയാണ് മുന്നില്‍. 87 പുതിയ കേസ് റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരായ പോലീസുകാർ 1758 ആയി.

രോഗബാധ തുടരുന്നതിനാൽ 31 ന് അടച്ചുപൂട്ടൽ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തമിഴ്നാട്ടിലും ഗുജറാത്തിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ഡൽഹിയിൽ 508 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധയും തുടരുന്നു. 2 ബി.എസ്.എഫുകാർക്കും രോഗം സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ ഇൻഡോറിൽ 75 പുതിയ കേസുകൾ വന്നതോടെ രോഗബാധിതർ 3000 കടന്നു. രാജസ്ഥാനിൽ 100 പുതിയ കേസും 2 മരണവും റിപ്പോർട്ട് ചെയ്തു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിരീക്ഷണ കേന്ദ്രങ്ങളിൽ മൊബൈൽ നിരോധിച്ച ഉത്തരവ് യുപി സർക്കാർ പിൻവലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here