ചൈനയിൽ നിന്ന് കൊള്ളവില നൽകി​ കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്​ത കോവിഡ്​ പരിശോധനകിറ്റുകൾ വ്യാജനാണെന്ന്​ ഒടുവിൽ ഐ.സി.എം.ആർ തന്നെ സ്​ഥിരീകരിച്ചു. കോടികളുടെ അഴിമതി നടന്നതായി ആരോപണമുയർന്ന ഈ ഇടപാട്​ നിർത്തി കിറ്റുകൾ കമ്പനികൾക്ക്​ തിരിച്ചു നൽകാൻ ഐ.സി.എം.ആർ ആവശ്യപ്പെട്ടു. ചൈനീസ് കമ്പനികളായ വോണ്ട്ഫോ ബയോടെക്, ലിവ്‌സൺ ഡയഗ്നോസ്റ്റിക് എന്നിവയിൽ നിന്ന് ഇരട്ടിയിലേറെ വില നൽകി കേന്ദ്ര സർക്കാർ വാങ്ങിയ കിറ്റുകളാണ്​ ഒന്നിനുംകൊള്ളാത്തതാണെന്ന്​ തെളിഞ്ഞത്​. ഇത്തരത്തിലുള്ള അഞ്ച്​ ലക്ഷം കിറ്റുകളാണ്​ കേന്ദ്രം സംസ്ഥാനങ്ങൾക്ക്​ നൽകിയത്​. 245 രൂപയുടെ ലക്ഷക്കണക്കിന്​ കിറ്റുകൾ 600 രൂപ വീതം നൽകിയാണ്​ ​വാങ്ങിയത്​. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും അവയുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് വെട്ടിപ്പ്​ പുറത്തായത്​.

മാട്രിക്‌സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലാണ്​ ചൈനയിൽനിന്ന്​ കിറ്റ്​ ഇറക്കുമതി നടത്തിയത്. വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരിൽനിന്ന്​ ഇത് കേന്ദ്ര സര്‍ക്കാർ 600 രൂപ നിരക്കിൽ വാങ്ങി. ഷാന്‍ ബയോടെക് എന്ന വിതരണക്കാര്‍ മുഖേന തമിഴ്‌നാട് സര്‍ക്കാര്‍ സ്വന്തം നിലയിലും 600 രൂപ നിരക്കിൽ കിറ്റുകള്‍ വാങ്ങി. എന്നാൽ, കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി തമിഴ്‌നാടിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വിലവിവരങ്ങള്‍ പുറത്തായത്. അമിതലാഭം ഈടാക്കിയാണ് കമ്പനികള്‍ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ അത്യന്തം ആശങ്കാജനകമായ സാഹചര്യമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here