വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി സുഹൃത്തുക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനെതിരെ ദുബായിലെ പ്രമുഖ ഇന്ത്യൻ വ്യവസായി ഡന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി.

ഇദ്ദേഹത്തിന്റെ വ്യാജ ഫെയ്സ് ബുക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും രക്തസംബന്ധമായ രോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി സുഹൃത്തുക്കളിൽ നിന്നു പണം ആവശ്യപ്പെട്ട് സന്ദേശമയക്കുകയുമായിരുന്നു തട്ടിപ്പുകാർ ചെയ്തിരുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച ഒരു സുഹൃത്ത് സംശയം തോന്നി റിസ്വാനെ അറിയിച്ചപ്പോഴാണ് ഇക്കാര്യം പരിശോധിച്ചത്. റിസ്വാന്റെ പടം ഉപയോഗിച്ചായിരുന്നു പ്രൊഫൈല്‍.

റിസ്വാന്റെ ഒട്ടേറെ സുഹൃത്തുക്കൾക്ക് ഇത്തരത്തിൽ സംഭാവന ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പേജിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസ് സൈബർ ക്രൈം വിഭാഗത്തെ സമീപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ആർക്കെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കിൽ അവഗണിക്കണമെന്നും അറിയിച്ചു. ഇന്ത്യക്ക് പുറത്ത് നിന്നാണ് വ്യാജ ഫെയ്സ് ബുക്ക് പേജുണ്ടാക്കിയത് എന്നാണ് കരുതുന്നത്. കോവിഡ് പോലെ വളരെ പ്രതിസന്ധി ഘട്ടത്തിലൂടെ മനുഷ്യർ കടന്നുപോകുമ്പോൾ, ചിലർ ഇത്തരം തട്ടിപ്പുകൾക്ക് മുതിരുന്നത് തന്നെ ദുഃഖിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് ശ്രമം ഫെയ്സ് ബുക്ക് അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ഡന്യൂബ് ഗ്രൂപ്പ് കോവിഡ് കാരണം ദുരിതമനുഭവിക്കുന്നവ ആയിരക്കണക്കിന് പേർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇത്തരം പണപ്പിരിവിന് ശ്രമിച്ചതെന്ന് കരുതുന്നു. എന്നാൽ പണം പിരിവ് നടന്നിരുന്നോ എന്ന കാര്യം ഉറപ്പായിട്ടില്ലെന്നും തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും റിസ്വാൻ കൂട്ടിച്ചേർത്തു. 1993ൽ സ്ഥാപിച്ച ഡന്യൂബ് ഗ്രൂപ്പ് ബിൽഡിങ് മെറ്റീരിയൽ, റിയൽ എസ്റ്റേറ്റ്, ഫർണിച്ചർ വ്യാപാര രംഗത്തെ ശ്രദ്ധമായ സ്വകാര്യ കമ്പനിയാണ്. മലയാളികളടക്കം 3,600 പേർ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here