എമിറേറ്റിന്റെ ഏറ്റവും പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായ മെട്രോ യാത്രയ്‌ക്ക് ഇന്ന് 12 വയസ്സ്. നാൾക്കുനാൾ ജനപ്രിയമാവുകയാണു മരുഭൂമിയുടെ ചരിത്രം മാറ്റിയെഴുതിയ ദുബായ് മെട്രോ. 2009 സെപ്റ്റംബർ 9നായിരുന്നു മെട്രോ ഒാടിത്തുടങ്ങിയത്. 12 വർഷത്തിനകം കോടിക്കണക്കിന് ജനങ്ങൾ മെട്രോയിൽ യാത്ര ചെയ്‌തു.

കഴിഞ്ഞമാസം അവസാനത്തെ കണക്കുപ്രകാരം ദുബായ് മെട്രോ 99.7% വരെ ട്രിപ്പുകൾ (1.706 ബില്യനിലേറെ യാത്രക്കാർ) എത്തിയിരിക്കുന്നു. ദുബായ് മെട്രോയിൽ സാമൂഹിക-സാമ്പത്തിക ആനുകൂല്യങ്ങളുണ്ടെന്ന് ആർടിഎ ചെയർമാൻ മത്തർ മുഹമ്മദ് അൽ തായർ പറഞ്ഞു. മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള വാണിജ്യ മേഖലയിലെ ചില വസ്തുവകകളുടെ മൂല്യം 20 മുതൽ 30%വരെ ഉയരുകയുണ്ടായി.

2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം 30% കൂടുമെന്നു കണക്കാക്കുന്നു. ഒരു ദിശയിലേക്കു മണിക്കൂറിൽ 23,000ത്തിലേറെ യാത്രക്കാരെയും വഹിച്ചാണു മെട്രോയുടെ യാത്ര. ഇരുദിശകളിലേക്കും 46,000 ലേറെ പേരെയും. പരീക്ഷണമായി തുടങ്ങിയ ദുബായിലെ മെട്രോ വൻവിജയമായതിന്റെ സംതൃപ്‌തിയുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അധികൃതർ. വൻതുക ചെലവിട്ടു കോൺക്രീറ്റ് തൂണുകളും തുരങ്കപാതകളും നിർമിച്ചാണു മെട്രോ റെയിൽ എമിറേറ്റിന്റെ ഹൃദയഭാഗങ്ങളിലൂടെ കുതിക്കുന്നത്.

സമയവും പണവും നഷ്‌ടപ്പെടുത്താതെ കൃത്യതയോടെയാണ് ഓരോ സർവീസും ആർടിഎ ക്രമീകരിച്ചത്. മണിക്കൂറിൽ 45 കിലോമീറ്ററാണു വേഗം. ഇതേ വേഗത്തിലാണു മെട്രോ പുലർച്ചെ മുതൽ അർധരാത്രിവരെ സർവീസ് നടത്തുന്നത്. ദുബായ് മെട്രോയുടെയും ട്രാമിന്റെയും പ്രവർത്തന– പരിപാലന ചുമതലകൾ അടുത്ത 15 വർഷത്തേക്ക് ക്യൂയോലിസ്–എംഎച്ച് െഎഎൽഎൽസി (Keolis-MHI LLC)ക്ക് നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആർടിഎയുടെ മാർഗനിർദേശങ്ങളും ചിട്ടവട്ടങ്ങളും പാലിച്ചു ദിനംപ്രതി മെട്രോയിൽ യാത്രചെയ്യുന്നവർക്കും ആർടിഎ അധികൃതർ നന്ദി അറിയിച്ചു.

ദുബായിലെ മെട്രോയും ട്രാം ശൃംഖലയും ഏകദേശം 100 കിലോമീറ്റർ ആണ് പ്രവർത്തിക്കുന്നത്. ജോലിക്കും പഠനത്തിനും പോയിവരാൻ മലയാളികളടക്കം ഒട്ടേറെ പേർ ദുബായിൽ നിത്യേന മെട്രോയെ ആശ്രയിക്കുന്നുണ്ട്. സുരക്ഷിതവും, വൃത്തിയും, സൗകര്യവുമുള്ള ഇൗ പൊതുഗതാഗത സംവിധാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് വിസ്മയമാകുന്നു.

ലോകത്തെ മെട്രോ സർവീസുകൾ യാഥാർഥ്യമാക്കാനെടുത്ത കാലപരിധിയിലും ദുബായ് ഇതര രാജ്യങ്ങൾക്കൊപ്പമാണ്. ഡൽഹി മെട്രോ ചലിച്ചു തുടങ്ങിയതു 49 മാസത്തെ നിർമാണത്തിനൊടുവിലാണ്. സിംഗപ്പൂരിൽ നിർമാണം പൂർത്തിയാക്കാൻ 60 മാസം വേണ്ടിവന്നു. ഹോങ്കോങ്ങിലെ മെട്രോ 48 മാസംകൊണ്ടാണു ലക്ഷ്യം കൈവരിച്ചത്. 49 മാസത്തെ ശ്രമകരമായ നിർമാണത്തിനൊടുവിലാണു മരുഭൂമിയിലെ മെട്രോ സ്വപ്‌നത്തിനു ദുബായ് ചിറകുവിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here