സേവന, കുറ്റാന്വേഷണ രംഗങ്ങളിൽ നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ മികവുകളുമായി സ്മാർട് പൊലീസ്. വിരൽത്തുമ്പിൽ മാത്രമല്ല, ഒറ്റനോട്ടത്തിലും കുറ്റമറ്റ സേവനം ഉറപ്പാക്കുന്ന സ്മാർട് സ്റ്റേഷൻ ശൃംഖലയും വിപുലമാക്കിയാണ് പൊലീസ് മുന്നേറ്റം.

കൂടുതൽ സ്മാർട് പൊലീസ് സ്റ്റേഷനുകൾ (എസ്പിഎസ്) ഒരുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. കഴിഞ്ഞവർഷം മാത്രം നിലവിൽ വന്നത് 5 സ്മാർട് പൊലീസ് സ്റ്റേഷനുകൾ. ഇതോടെ ദുബായിലെ ആകെ എസ്പിഎസുകളുടെ എണ്ണം 16 ആയി. ദുബായ് എയർപോർട്ട് ഫ്രീസോൺ, ഡിസൈൻ ഡിസ്ട്രിക്ട്, ഇയാസ്, ഹത്ത, അൽ ലെസൈലി സ്റ്റേഷനുകളാണ് കഴിഞ്ഞവർഷം തുറന്നത്.

ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളും സ്മാർട് ആക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസ്സർ അൽ റസൂഖി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യമില്ല. പരാതികൾ നൽകാനും നടപടികളുടെ പുരോഗതി അറിയാനും 45 സുതാര്യ സംവിധാനങ്ങൾ നിലവിലുണ്ട്.

ഇതിനു പുറമേ രാത്രി പോലും സൂക്ഷ്മമായി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന വിഡിയോ ക്യാമറകളോടു കൂടിയ സ്മാർട് പൊലീസ് സ്റ്റേഷൻ (എസ്പിഎസ്) എക്സ്പ്രസ് എന്ന നൂതന സംവിധാനവും ഒരുക്കും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനെ വിവരം അറിയിക്കാൻ നിമിഷങ്ങൾക്കകം കഴിയും. പരാതിക്കാരൻ ഈ ഉപകരണത്തിൽ എമിറേറ്റ്സ് ഐഡി സ്കാൻ ചെയ്താൽ പ്രവർത്തനസജ്ജമാകും.

തുടർന്നുള്ള നിർദേശങ്ങൾ പാലിച്ച് ഏതു സേവനവും തേടാം. പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും. എസ്പിഎസ് കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചതിനാൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സേവനകേന്ദ്രങ്ങളിലും മൊബൈൽ യൂണിറ്റുകളിലും വിവരമെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here