കാടിന്റെ വന്യതയിലൂടെ കാഴ്ചകളുടെ പുതുമകളുമായി ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ 27ന് ആരംഭിക്കും. വന്യമൃഗങ്ങളെ അടുത്തുകാണാനും ആവാസ, സ്വഭാവ രീതികൾ മനസിലാക്കാനുമുള്ള സൗകര്യമാണ് ഇത്തവണത്തെ പുതുമ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൃഗങ്ങളാൽ സമ്പന്നമായ സഫാരി പാർക്കിൽ ഗൈഡിന്റെ സഹായത്തോടെ ഇഷ്ടമൃഗങ്ങളെ അടുത്തറിയാം.

ലോകത്തിലെ മികച്ച അനിമൽ സഫാരികളിലൊന്നാണ് ദുബായ് സഫാരിയെ ന്ന് നഗരസഭയിലെ പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡയറക്ടർ അഹ്മദ് അൽ സറൂനി പറഞ്ഞു. ഓരോ മൃഗങ്ങളെയും തനത് ആവാസ വ്യവസ്ഥയിൽ സംരക്ഷിച്ചിരിക്കുന്നു. അറേബ്യൻ ഏഷ്യൻ, ആഫ്രിക്കൻ, സഫാരി വില്ലേജുകളിലായി തിരിച്ച പാർക്കിൽ 250 ഇനങ്ങളിലായി 3000ലേറെ മൃഗങ്ങളുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള അത്യപൂർവ ഇനങ്ങളാണ് പാർക്കിന്റെ സവിശേഷത.

മുതല, വാലില്ലാ കുരങ്ങ്, സിംഹം, ഹിപ്പോ, പുലി തുടങ്ങി ഒട്ടേറെ ഇനങ്ങളുമായാണ് പുതിയ സീസണിന് തുടക്കമിടുന്നത്. വിന്റർ സഫാരി, അറേബ്യൻ ഡെസർട് സഫാരി എന്നിവ പുതുമകളോടെ അവതരിപ്പിക്കും.. മൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും ഫോട്ടോ എടുക്കാനും അവസരമുണ്ടാകും. ഇലക്ട്രിക് ട്രെയിനിലിരുന്ന് ആഫ്രിക്കൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, സഫാരി ജേണി, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡസർട്ട്സഫാരി, കിഡ്സ് ഫാം എന്നിവിടങ്ങളിലൂടെ ചുറ്റിയടിച്ച് മൃഗങ്ങളെ കണ്ട് ആസ്വദിക്കാം.

എക്സ്പോയിലെത്തുന്ന സന്ദർശകർക്കും ദുബായ് സഫാരി പുത്തൻ കാഴ്ചകൾ സമ്മാനിക്കും. ദുബായ് സഫാരി രാജ്യാന്തര പഠന, ഗവേഷണ കേന്ദ്രം കൂടിയാണ്. അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും മൃഗങ്ങൾക്കുള്ള പാർപ്പിടങ്ങളും സ്വാഭാവിക രീതിയിൽ ഒരുക്കി 119 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന സഫാരിയിൽ 3,000 മൃഗങ്ങളുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പ്രവേശനം. ഓൺലൈനിൽ ബുക്ക് ചെയ്യണം.

ടിക്കറ്റ് നിരക്ക്

മുതിർന്നവർ-50 ദിർഹം.

കുട്ടികൾ-20 ദിർഹം.

സഫാരിയാത്ര (മുതിർന്നവർ)-85 ദിർഹം.

കുട്ടികൾ-30 ദിർഹം.

LEAVE A REPLY

Please enter your comment!
Please enter your name here