ദുബായ് വീസ നടപടികൾക്ക് ഇൗ മാസം 14 മുതൽ ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു. ഇനി ഓൺലൈൻ ലിങ്ക് മുഖേനയുള്ള മെഡിക്കൽ പരിശോധനാ ഫലമാണ് സ്വീകരിക്കുക. ‌

മെഡിക്കൽ റിസൾട്ടുകൾ ഇ-മെയിലിൽ പിഡിഎഫ് പേപ്പർ രൂപത്തിൽ അയച്ചു കൊടുക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇതിൻ്റെ പ്രിന്റ് എടുത്ത് അമർ കേന്ദ്രങ്ങളിൽ വീസ അപേക്ഷകൾകൊപ്പം സമർപ്പിച്ചിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.

ജിഡിആർഎഫ്എ ബന്ധപ്പെട്ട വകുപ്പുകളുമായി ഒരു ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ്ഔട്ടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്യും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റമെന്ന് അധികൃതർ പറഞ്ഞു. സമഗ്രമായി കടലാസ് രഹിത സർക്കാർ ചട്ടക്കൂട് നിർമ്മിക്കുന്നതിനും ദുബായിയെ സമ്പൂർണ സ്മാർ‌‌ട് സിറ്റിയാക്കാനുള്ള നേതൃത്വ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് ഘട്ടം ഘട്ടമായുള്ള നടപടികൾ. പ്രതിവർഷം സർക്കാർ ഇടപാടുകളിലുള്ള ഒരു ബില്യൻ പേപ്പറുകളുടെ ഉപയോഗം ദുബായ് പേപ്പർലെസ് സ്ട്രാറ്റജി മുഖേന ഇല്ലാതാകും.

അമര്‍ കേന്ദ്രങ്ങളെ സമീപിക്കാം

വീസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് മെഡിക്കൽ പരിശോധന നിർബന്ധമാണ്. പുതിയ താമസവീസ പാസ്പോർട്ടിൽ പതിക്കാനും അത് പുതുക്കാനുമുള്ള പ്രധാന നടപടിയാണ് ഉപയോക്താവിന്റെ ആരോഗ്യ പരിശോധന. അതിലെ ഫലം ലഭ്യമായാൽ മാത്രമാണ് വീസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ദുബായിലെ അമർ കേന്ദ്രങ്ങളിലും ടൈപ്പിങ് സെന്ററുകളിലും പരിശോധനയ്ക്കുള്ള അപേക്ഷ ടൈപ്പ് ചെയ്യാവുന്നതാണ് . ഇത്തരത്തിൽ ആരോഗ്യ വകുപ്പിലേക്ക് മുൻകൂട്ടി അപേക്ഷ നൽകി മെഡിക്കൽ പരിശോധന നടത്തേണ്ടതാണ്. ഫീസിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ലഭിക്കുന്ന വിവിധ സേവനങ്ങളും സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here