ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​ പിന്നീട്​ വീണ്ടും രോഗം വരുന്നു. കോവിഡ്​ മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ്​ 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ്​ പോസിറ്റീവ്​ ഫലം ലഭിക്കുന്നത്​.

ഇങ്ങനെ രണ്ടാമത്​ കോവിഡ്​ ബാധിച്ചവരുടെ കണക്ക്​ ചൈന പുറത്തുവിട്ടിട്ടില്ല. അതേസമയം, ഡസൻകണക്കിന്​ ആളുകൾക്ക്​ എന്നാണ്​ റോയിട്ടേഴ്‌സ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. രണ്ടാമത്​ കോവിഡ്​ ബാധിച്ചവരിൽ ഭൂരിപക്ഷത്തിനും പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ല. ചെറിയ ഒരു വിഭാഗത്തിന്​ മാത്രമാണ്​ രോഗം മൂർച്​ഛിക്കുന്നത്​.

കോവിഡ്​ വൈറസിന്​ മനുഷ്യശരീരത്തിൽ 14 ദിവസമാണ്​ നിൽക്കാനാകുക എന്ന​ ധാരണയാണ്​ ആഗോള തലത്തിൽ തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ആശ്രയിക്കുന്നത്​. എന്നാൽ, ദക്ഷിണ കൊറിയയിലെയും ഇറ്റലിയിലെയുമെല്ലാം ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്​ ഒരു മാസം വരെ കോവിഡ്​ വൈറസിന്റെ സാന്നിധ്യം രോഗിയിൽ തുടരുന്നുണ്ടെന്നാണ്​.

കോവിഡ്​ വൈറസ്​ സംബന്ധിച്ച്​ ഏറെ കാര്യങ്ങൾ ഇനിയും വ്യക്​തമാകാനുണ്ടെന്നാണ്​ വിവിധ അനുഭവങ്ങൾ തെളിയിക്കുന്നത്​. 2003ലെ സാർസ്​ രോഗപകർച്ചയുടെ കാലത്തും ഇത്രയധികം അനിശ്​ചിതത്വങ്ങൾ മുമ്പിലുണ്ടായിരുന്നെന്ന്​ വുഹാനിലെ യോങ്​നാൻ ആശുപത്രി അധികൃതർ പറയുന്നു. കോവിഡിനെ കുറിച്ച്​ അറിഞ്ഞതിൽ അധികം അറിയാനുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here