തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പരീക്ഷ മാറ്റാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ് അറിയിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ച്‌ 31ന് ശേഷം തീരുമാനമെടുക്കും. ഏപ്രില്‍ 20, 21 തീയതികളിലാണ് എന്‍ട്രന്‍സ്. മറ്റ് സംസ്ഥാനങ്ങളിലെ എന്‍ട്രന്‍സ് പരീക്ഷകളുടെ തീയതികള്‍ കണക്കിലെടുത്താണ് ഇവിടെ എന്‍ട്രന്‍സ് തീയതി നിശ്ചയിച്ചിട്ടുള്ളത്.

പരീക്ഷ മാറ്റിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം നീണ്ടുപോകുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്‍ജിനിയറിംഗ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി മറികടക്കാനുമാവില്ല.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമെ മുംബയ്, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നുണ്ട്. ദുബായില്‍ പരീക്ഷ നടത്തുന്നത് വലിയ വെല്ലുവിളിയാണ്. പരീക്ഷാ നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ക്ക് യു.എ.ഇ യാത്രാനുമതി നല്‍കാനിടയില്ല. മുന്നൂറിലേറെ കുട്ടികളാണ് ദുബായില്‍ പരീക്ഷയെഴുതാന്‍ അപേക്ഷിച്ചിട്ടുള്ളത്. അതിനിടെ, എന്‍ട്രന്‍സ് പരീക്ഷ ഓണ്‍ലൈനാക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച്‌ ആ നീക്കം വേണ്ടെന്നുവച്ചു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ജിനിയറിംഗ് എന്‍ട്രന്‍സിന് 89,167 പേരും ഫാര്‍മസിക്ക് 63,534 പേരും അപേക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍/ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നാഷനല്‍ ടെസ്​റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന നീ​റ്റ് യു.ജി പരീക്ഷ മേയ് മൂന്നിനാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here