ഇസ്താംബുൾ ∙ ലോകത്താകമാനം കൊറോണ വൈറസ് വ്യാപിച്ചിട്ടും രാജ്യത്തെ ഫുട്ബോൾ ലീഗ് തുടരുന്ന തുർക്കി ഫുട്ബോൾ ഫെഡറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് മുൻ ചെൽസി മിഡ്ഫീൽഡർ കൂടിയായ നൈജീരിയൻ താരം ജോൺ ഒബി മൈക്കൽ തുർക്കിയിലെ ട്രാബ്സൻസ്പോർ ക്ലബ് വിട്ടു. കൊറോണക്കാലത്തും ഫുട്ബോൾ ലീഗ് നിർത്തലാക്കാത്ത നയത്തിൽ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയാണ് മൈക്കൽ ക്ലബ് വിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും ടൂർണമെന്റുകളും റദ്ദാക്കിയിട്ടുണ്ടെങ്കിലും, വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ ലീഗ് തുടരുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് തുർക്കി.

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, കൊറോണ വൈറസ് വ്യാപനത്തിനിടെ ലീഗ് റദ്ദാക്കാൻ തയാറാകാത്ത ഫുട്ബോൾ അധികൃതരോടുള്ള എതിർപ്പ് മുപ്പത്തിരണ്ടുകാരനായ ഒബി മൈക്കൽ വ്യക്തമാക്കി. ഒബി മൈക്കൽ കരാർ റദ്ദാക്കി നാട്ടിലേക്കു മടങ്ങിയ വിവരം ട്രാബ്സൻസ്പോർ ക്ലബ്ബും പരസ്യമാക്കിയിട്ടുണ്ട്. പ്രതിഫലം കൈപ്പറ്റാതെ ഫ്രീ ഏജന്റായാണ് താരം ക്ലബ് വിട്ടതെന്നും പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ക്ലബ്ബിലെത്തിയ താരത്തിന് അടുത്തവർഷം മേയ് 31 വരെ ക്ലബ്ബുമായി കരാറുണ്ടായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിനിടെ ഫുട്ബോൾ കളിക്കാൻ നിർബന്ധിതനാകുന്നതിലുള്ള എതിർപ്പ് ക്ലബ് വിടുന്നതിനു മുൻപുതന്നെ സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ മൈക്കൽ പരസ്യമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here