രുചിക്കൂട്ടുകളുടെ സമൃദ്ധി വിളമ്പി ലോകം കീഴടക്കാൻ ദുബായ് എക്സ്പോ. കാഴ്ചകളും അറിവുകളും നിരത്തിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും വയറിന്റെ തൃപ്തിയാണ് മനം നിറയാനുള്ള എളുപ്പവഴിയെന്നും തെളിയിക്കാൻ ഒരുങ്ങുകയാണ് പാചകരംഗത്തെ പടനായകന്മാർ. ‘ആദ്യം രുചിപ്പൊരുത്തം, പിന്നെ മനപ്പൊരുത്തം’ എന്നതാണ് എക്സ്പോ കലവറയിലെ ആദ്യപാഠം.

അതുകൊണ്ടു തന്നെ രുചികളുടെ എക്സ്പോ വേദി എന്ന അപൂർവതയും ദുബായിക്കു സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ഷെഫുമാർ എക്സ്പോയിലെത്തും. രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ 20ൽ ഏറെ ഷെഫുമാർ ഇതിൽ ഉൾപ്പെടും. ലോകത്താദ്യമായി ചില സ്പെഷൽ വിഭവങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ഹോട്ടലുകൾ. 200ൽ ഏറെ ഭക്ഷണശാലകളുണ്ടാകും. വഴിയോര കച്ചവടകേന്ദ്രങ്ങൾ വേറെയും.

ഇന്ത്യൻ ഗ്രാമീണ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഷെഫ് രോഹിത് ഘായ്, ആഫ്രിക്കൻ-ജാപ്പനീസ് ഫ്യൂഷൻ ഒരുക്കുന്ന മോറി സാക്കോ, അമേരിക്കൻ ജിപ്സി ഷെഫ് എന്നറിയപ്പെടുന്ന ഡേവിഡ് മിയേഴ്സ്, അർമേനിയൻ-അമേരിക്കൻ ഷെഫ് ജോഫ്രി സകേറിയൻ, തായ് രുചിക്കൂട്ടുകളിൽ വിസ്മയമൊരുക്കുന്ന ഡേവിഡ് തോംസൺ, ആഫ്രിക്കൻ ഗായകനും പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പ് ഉടമയുമായ അലക്സാണ്ടർ സ്മോൾസ് എന്നിങ്ങനെ പ്രമുഖരുടെ നിര നീളുന്നു.

ഇന്ത്യൻ, ആഫ്രിക്കൻ, മൊറോക്കൻ, അറേബ്യൻ, തായ്, െകാറിയൻ, ഇറ്റാലിയൻ പരമ്പരാഗത രുചിക്കൂട്ടുകളുമായി തനി നാടൻ പാചക വിദഗ്ധരും എക്സ്പോയിൽ ഉണ്ടാകും. കലവറ തുറക്കാൻ ദിവസങ്ങൾ മാത്രം. ഒക്ടോബർ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ.

ഏതു രാജ്യത്തെയും അടുത്തറിയാൻ തനത് വിഭവങ്ങളിലൂടെ കഴിയുമെന്നതിനാൽ ഈ രംഗത്ത് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എക്സ്പോ 2020 ദുബായ് ചീഫ് വിസിറ്റർ എക്സ്പീരിയൻസ് ഓഫിസർ മർജാൻ ഫരൈദൂനി പറഞ്ഞു.

പിറക്കും പുതുരുചികൾ

ലോകത്തിലെ ഏതു വിഭവവും കിട്ടും, മാത്രമല്ല പുതിയ വിഭവങ്ങളും പരിചയപ്പെടാം. ചെറുകടി മുതൽ വമ്പൻ വിഭവങ്ങൾ വരെ പ്രതീക്ഷിക്കാം. പച്ചക്കറി മാത്രം കഴിക്കുന്നവർക്കും നിരാശ വേണ്ട. എക്സ്പോയ്ക്കു മാത്രമായി ജൈവ പച്ചക്കറി ദുബായ് ഉൽപാദിപ്പിക്കുന്നുണ്ട്. പല ഏഷ്യൻ രാജ്യങ്ങളും യൂറോപ്പും ഇതുവരെയറിയാത്ത രുചിക്കൂട്ടുകളുടെ കലവറയാകും ആഫ്രിക്കൻ രാജ്യങ്ങൾ ഒരുക്കുക.

മത്സ്യ-മാംസ വിഭവങ്ങൾ, മസാലച്ചായകൾ, ചോക്‌ലേറ്റുകൾ, കപ്പ-കാച്ചിൽ, പരിപ്പ് വിഭവങ്ങൾ എന്നിങ്ങനെ ഒട്ടേറെ പുതുമകൾ അറിയാനാകും. ഐവറി കോസ്റ്റിന്റെ ചോക്‌ലേറ്റ്, ചോക്‌ലേറ്റ് പാനീയങ്ങൾ, തേൻ ചേർത്ത ഇത്യോപ്യൻ പാനീയങ്ങൾ, മാങ്ങയും ചെമ്മീനും കൊണ്ടുള്ള ഗിനി വിഭവങ്ങൾ, യുഗാണ്ടൻ-കെനിയൻ പുലാവ്, തേങ്ങാച്ചോറ്, ആട്ടിറച്ചി റോസ്റ്റ്, ആഫ്രിക്കൻ പഴങ്ങൾ ചേർന്ന റുവാണ്ടൻ പേസ്ട്രി എന്നിവയാണ് ഏതാനും വിഭവങ്ങൾ.

ഇന്ത്യൻ കൂൺ ഫ്രൈ മുതൽ മുളയിലച്ചായ വരെ

രാജ്യാന്തര അരങ്ങുകളിൽ എത്താത്ത ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എക്സ്പോയിൽ സജീവമാകും. ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലെ രുചിക്കൂട്ടുകൾ അറിയാം. ത്രിപുരയുടെ മുളയിലച്ചായ, മുളങ്കൂമ്പ് മിക്സഡ് പുലാവ്, മണിപ്പുരി പായസം, കൂൺ വിഭവങ്ങൾ എന്നിവ ചില സാംപിളുകൾ മാത്രം. മണിപ്പുരി ഷിറ്റാകി കൂൺ, മത്സ്യ വിഭവങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇന്ത്യയിലെ ഭക്ഷണപ്രിയർ പോലും അറിഞ്ഞുവരുന്നതേയുള്ളൂ.

തവിട്ടുനിറമുള്ള ഷിറ്റാകി കൂൺ കൊണ്ടുള്ള സൂപ്പ്, കടുകെണ്ണയിൽ വറുത്തെടുത്ത കാങ്ഹോവ്, പോഷക സമ്പന്നമായ ചാക് ഹൗ അരികൊണ്ടുള്ള പായസമടക്കമുള്ള വിഭവങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കേരളം മുതൽ കശ്മീർ വരെയുള്ള രുചിക്കൂട്ടുകളും ഇന്ത്യ പരിചയപ്പെടുത്തും. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, മുഗളായ്, കശ്മീരി വിഭവങ്ങൾക്ക് യുഎഇയിൽ ആരാധകരേറെയാണ്.

വിശാലം, ഭക്ഷണശാലകൾ

എക്സ്പോയിൽ 7 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഭക്ഷ്യമേഖലയിൽ ദിവസവും ഏകദേശം 3 ലക്ഷം പേർക്കു വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പാം. ഭക്ഷ്യമേഖലയെ 3 വിഭാഗങ്ങളായി തിരിക്കും. മണിക്കൂറിൽ 85,000 പേർക്കു ഭക്ഷണം വിതരണം ചെയ്യേണ്ടിവരും. എക്‌സ്‌പോ കാലം 50 ലക്ഷം ജോലിക്കാർക്കും ഭക്ഷണമൊരുക്കണം. മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ ശാസ്ത്രീയമായി പായ്ക്ക് ചെയ്ത് യുഎഇ ഫുഡ് ബാങ്കിനു കൈമാറും.

നേരിട്ടും ഓൺലൈൻ വഴിയും പങ്കെടുക്കാം

ദുബായ് ∙ എക്സ്പോയോട് അനുബന്ധിച്ചു നടത്തുന്ന വിവിധ പരിപാടികളിൽ വിദ്യാർഥികൾക്കു നേരിട്ടും ഓൺലൈൻ വഴിയും പങ്കെടുക്കാൻ അവസരം. തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിക്കും. സെമിനാറുകൾ, ശിൽപശാലകൾ എന്നിവയടക്കമുള്ള വിദ്യാഭ്യാസ പരിപാടികൾക്കു രൂപം നൽകിയതായി എക്സ്പോ 2020 ഗവ.

റിലേഷൻസ് പ്രതിനിധി മറിയം അൽ മുഹൈരി പറഞ്ഞു. വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ അഭിരുചികൾക്കിണങ്ങിയ പരിപാടികൾ ഉണ്ടാകും. യുഎഇയിലെ 700ൽ ഏറെ സ്കൂൾ വിദ്യാർഥികളും അധ്യാപകരും എക്സ്പോയുടെ ഭാഗമാകും. 16 സിലബസുകൾ പിന്തുടരുന്ന വിദ്യാലയങ്ങൾ ഉള്ളതിനാൽ അതിനനുസരിച്ചാകും പരിപാടികൾ ക്രമീകരിക്കുകയെന്നും വ്യക്തമാക്കി.

Courtesy : manoramaonline

LEAVE A REPLY

Please enter your comment!
Please enter your name here