യാത്രാവിലക്കു മൂലം ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഉപാധികളോടെ തിരിച്ചുവരാൻ അനുമതി നൽകിയ തീരുമാനത്തെ എതിരേറ്റ് മലയാളികളടക്കമുള്ള പ്രവാസി സമൂഹം. യുഎഇയിൽ 2 ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച താമസ വീസയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ അനുമതി.

അധ്യാപകർ, വിദ്യാർഥികൾ, വിവിധ ജോലിക്കാർ, ബിസിനസുകാർ തുടങ്ങി ആയിരക്കണക്കിനു പേരാണു യാത്രാ വിലക്കുമൂലം തിരിച്ചെത്താനാവാതെ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നീ രാജ്യങ്ങളിലായി കുടുങ്ങിയത്. ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ആശങ്കയിൽ മാസങ്ങളായി നാട്ടിൽ കഴിഞ്ഞവർക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം.

യാത്രാവിലക്കു അനിശ്ചിതമായി തുടരുന്നതിനാൽ വേനൽ അവധിയായിട്ടും നാട്ടിലേക്കു പോകാത്ത ഒട്ടേറെ കുടുംബങ്ങളുണ്ടായിരുന്നു. ഇനി ധൈര്യമായി നാട്ടിൽ പോകാമെന്ന സന്തോഷത്തിലാണ് പലരും. വർഷങ്ങൾക്കുശേഷം നാട്ടിൽ പോയി കുടുങ്ങിയവർ അർമേനിയ, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ്, ഖത്തർ വഴി അഞ്ചിരട്ടി തുക നൽകിയാണ് തിരിച്ചെത്തിയിരുന്നത്.

ഒട്ടേറെ പേർ ഈ വഴി തിരഞ്ഞെടുക്കാനിരിക്കെ വന്ന പ്രഖ്യാപനം പ്രവാസികൾക്ക് ലാഭമുണ്ടാക്കും. സ്വകാര്യ ട്രാവൽ ഏജൻസികൾ വഴി മൂന്നാമതൊരു രാജ്യം വഴി യുഎഇയിലെത്താൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിസ്സാര തുക നൽകി യാത്ര റദ്ദാക്കാനും സാധിക്കും.

നിബന്ധനകൾ

രണ്ടാം ഡോസ് വാക്സീനെടുത്തു 14 ദിവസം കഴിഞ്ഞിരിക്കണമെന്ന നിബന്ധനയുണ്ട്. യാത്രയ്ക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ക്യുആർ കോഡ് സഹിതം ഉണ്ടാകണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്സൈറ്റിൽ അപേക്ഷ നൽകണം. ഇതോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റും ഹജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here