യുഎഇയിലെ കാഷ്വൽ കഫേ ബ്രാൻഡായ ‘ഫില്ലി കഫേ’ അമേരിക്കയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. യുഎസിലെ ടെക്സസിൽ ഫില്ലി കഫേയുടെ ആദ്യ സ്റ്റോർ ഈവർഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഗൾഫിൽ കൂടുതൽ രാജ്യങ്ങളിലേയ്ക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം ഫില്ലിയുടെ ബ്രാൻഡഡ് തേയിലപ്പൊടി ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും വിപണിയിലെത്തും.

ടെക്‌സസിലെ ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയുമായി ഫില്ലി കഫെ സിഇഒ റാഫി ഫില്ലി, മറ്റു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കരാറൊപ്പിട്ടു. ഹൂസ്റ്റണ്‍, ഡല്ലസ്, സാന്‍ ആന്റണിയോ, ഓസ്റ്റിന്‍ എന്നീ നഗരങ്ങളിലായി ഇരുപതോളം ഫില്ലി കഫെകള്‍ പ്രവര്‍ത്തനമാരംഭിക്കാനാണു ലക്ഷ്യമിടുന്നതെന്ന് റാഫി പറഞ്ഞു.

ഫ്രാഞ്ചൈസികൾ മുഖേന യുകെയിലും കാനഡയിലും 20 ശാഖകൾ കൂടി തുറക്കും. യുഎഇയിൽ അടുത്ത മൂന്നു വർഷത്തിനകം നൂറു ശാഖകളുണ്ടാകും. സൗദിയിലും ബഹ്റൈനിലും കുവൈത്തിലും ഇതോടൊപ്പം ഫില്ലി കഫേകൾ പ്രവർത്തനം തുടങ്ങും. നിലവിൽ ഖത്തറിലും ഒമാനിലും ശാഖകളുണ്ട്. ഫില്ലിയുടെ പ്രശസ്തമായ സഫ്രോൺ ചായപ്പൊടി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ താമസിയാതെ റീട്ടെയിൽ വിപണിയിലെത്തുമെന്നു ഫില്ലി ഓപറേഷൻസ് ഡയറക്ടർ സിജു ചന്ദ്രൻ പറഞ്ഞു.

തുടക്കത്തിൽ യുഎഇയിലെ 450 സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഉൽപന്നങ്ങൾ ലഭ്യമാകും. ഫില്ലിയുടെ ടീ ബാഗുകൾ, ഗ്രീൻ ടീ എന്നിവയും ഇത്തരത്തിൽ വിപണിയിലെത്തുമെന്നും സംരംഭകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here