കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന് ആരോഗ്യരംഗത്തും സഹകരിച്ചു പ്രവർത്തിക്കാൻ യുഎഇ-ഇസ്രയേൽ ധാരണ. ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിലാണു സഹകരിക്കുക.

ഇതുസംബന്ധിച്ച കരാറിൽ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ സർകാൽ, ഇസ്രയേൽ ആരോഗ്യമന്ത്രി യുലി എഡൽസ്റ്റീൻ എന്നിവർ ഒപ്പുവച്ചു. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിൽ വൻമുന്നേറ്റം നടത്തിയ യുഎഇയും ഇസ്രയേലും സംയുക്ത ഗവേഷണങ്ങൾക്ക് തുടക്കമിടുമെന്ന് ഡോ. യൂസഫ് അൽ സർകാൽ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ആരോഗ്യവിദഗ്ധർ പരസ്പരം സന്ദർശനം നടത്തി വിവരങ്ങൾ പങ്കവയ്ക്കും.

യുഎഇ-ഇസ്രയേൽ സഹകരണം നിലവിൽവന്ന് മാസങ്ങൾക്കകം വാണിജ്യ-നിക്ഷേപ, കായിക മേഖലകളിലടക്കം പുതിയ സംരംഭങ്ങൾക്കു ധാരണയായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ജനുവരി വരെ ദുബായുമായി മാത്രം 100 കോടിയിലേറെ ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. 3-5 വർഷങ്ങൾക്കകം യുഎഇ-ഇസ്രയേൽ വാണിജ്യ-വ്യാപാര ഇടപാട് 1,400 കോടിയിലേറെ ദിർഹം ആകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here