മധ്യപൂർവദേശം, വടക്കൻ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കു മാത്രമല്ല മറ്റ് വൻ രാഷ്ട്രങ്ങളിലേക്കുമുള്ള പ്രവേശന വാതിൽ എന്ന നിലയിൽ ദുബായ്ക്കുള്ള പ്രാധാന്യം ഗൾഫൂഡിലും പ്രതിഫലിക്കുന്നു. 85 രാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം കമ്പനികൾ ഗൾഫൂഡിൽ പങ്കെടുക്കുന്നു എന്നതിനു പുറമേ പ്രതീക്ഷകളോടെയാണ് വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ മേളയിൽ എത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലേക്ക് എളുപ്പം എത്താനുള്ള കവാടം എന്ന നിലയിൽ അറേബ്യൻ രുചികൾ പരീക്ഷിക്കാനും ഇവ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നറിയാനുമുള്ള പ്രധാന ഇടമായാണ് വിവിധ കമ്പനികൾ മേളയെ കാണുന്നത്.

മേയിൽ സ്ഥിതി കൂടുതൽ മെച്ചപ്പെടും

“മേളയുടെ ആദ്യ ദിനത്തിൽ തന്നെ നല്ല രീതിയിൽ സ്റ്റോളുകളിൽ അന്വേഷണങ്ങളും ബിസിനസ്സ് ചർച്ചകളും നടന്നതായി ജലീൽ ഹോൾഡിങ്സ് എംഡി സമീർ കെ.മുഹമ്മദ് പറഞ്ഞു. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് 30% സ്റ്റാളുകൾ കുറവാണ്. ആളുകളുടെ ഒഴുക്കും അത്രയധികം ഇല്ല. എന്നാൽ ബിസിനസ്സ് മേഖലയിലുള്ളവർ എത്തുന്നതിനാൽ ആദ്യ ദിനം തന്നെ നല്ല രീതിയിൽ ഇടപാടുകൾ നടന്നു. മേയിൽ വാക്സിനേഷൻ പൂർണമാകുന്നതോടെ സ്ഥിതിഗതികളിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമീർ വ്യക്തമാക്കി.

ഈസ്റ്റേണിന് ഇന്നവേഷൻ അവാർഡ്

മേളയോടനുബന്ധിച്ചുള്ള ഇന്നവേഷൻ ഉച്ചകോടിയിൽ ഈസ്റ്റേണിന്റെ ജാക് ഫ്രൂഡ് 365 എന്ന പച്ച ചക്കപ്പൊടി മികച്ച ഉത്പന്നത്തിനുള്ള അവാർഡ് നേടി. ഹെൽത്ത് ആൻഡ് വെൽനസ് വിഭാഗത്തിൽ ഏറ്റവും നല്ല ഉത്പന്നത്തിനുള്ള അവാർഡാണ് ലഭിച്ചത്. അരി- ഗോതമ്പ് പൊടിക്കൊപ്പം ഒരു ടേബിൾ സ്പൂൺ ചക്കപ്പൊടി ചേർത്ത് 90 ദിവസം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമെന്നും പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്ന ഉത്പന്നമാണിതെന്നും തെളിഞ്ഞിട്ടുള്ളതായി ഈസ്റ്റേൺ ജനറൽ മാനേജർ ബാബു കെ.ശിവൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചകളിലും ചക്കപ്പൊടി ഉത്പന്നം ശ്രദ്ധ നേടിയിരുന്നു. അറബ് രുചി ലോകത്തെ ലക്ഷ്യമാക്കി 32 പുതിയ ഉത്പന്നങ്ങളുമായാണ് ഇത്തവണ ഈസ്റ്റേൺ എത്തിയിട്ടുള്ളതെന്ന് മാർക്കറ്റിങ് മാനേജർ അശ്വിൻ പറഞ്ഞു. രണ്ടു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ സൌദിയിലാണ് ഉത്പന്നങ്ങൾ തയാറാക്കിയതെന്ന് ബാബു വെളിപ്പെടുത്തി.

ബാർബക്യു, കബ്സ, കബാബ് തുടങ്ങിയവ പാചകം ചെയ്യാനുള്ള പൊടിക്കൂട്ടുകളാണ് ഇതിൽ 15 എണ്ണം. ബാക്കിയുള്ളവ ഉള്ളിപ്പൊടി, കുരുമുളക് പൊടി, ഇഞ്ചിപ്പൊടി തുടങ്ങി നേരിട്ടുള്ള പൊടികളുമാണ്. അടുത്ത മാസം മുതൽ ഇവ വിപണിയിൽ സുലഭമാകും. ഇപ്പോൾത്തന്നെ വിവിധ ഇടങ്ങളിൽ ഇവ എത്തി തുടങ്ങിയിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി.

പ്രത്യേക ഉത്പന്നങ്ങളുമായി ഇഫ്കോയും റെയിൻബോയും

നടുക്ക് സോസ് നിറച്ച ഐസ്ക്രീം എന്ന പ്രത്യേകതയുള്ള യൂണികോൺ ആണ് ഇഫ്കോയുടെ പ്രത്യേക ഉത്പന്നം. സ്റ്റിക് രൂപത്തിൽ നുണയാൻ പാകത്തിലുള്ള പിനാ കൊലാടയാണ് മറ്റൊരു ഉത്പന്നം. പ്രധാനമായും കുട്ടികളെയും ഐസ്ക്രീം കൊതിയന്മാരെയുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. റെയിൻബോയും ശ്രദ്ധേയമായ ഉത്പന്നങ്ങളുമായി മേളയിൽ നിറയുന്നു.
സമുദ്രോൽപന്നം സംസ്കരിക്കാൻ അബുദാബിയിൽ വൻ സംരംഭം

അബുദാബി∙ സമുദ്രോൽപനങ്ങൾ സംസ്കരിച്ചു സൂക്ഷിക്കാനും വിതരണം ചെയ്യാനും സാധിക്കുന്ന വലിയ സംരംഭത്തിന് അബുദാബിയിൽ തുടക്കം കുറിച്ചു. 20 കോടി ദിർഹം ചെലവിലാണ് സംവിധാനം ഒരുക്കിയതെന്ന് ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി അറിയിച്ചു. യുഎഇയിലെയും മധ്യപൂർവദേശ രാജ്യങ്ങളിലെയും ഉപഭോക്താക്കളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രാജ്യാന്തര ഭക്ഷ്യോൽപന്ന പ്രദർശനമായ ഗൾഫൂഡിനോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം.

LEAVE A REPLY

Please enter your comment!
Please enter your name here