കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായി തന്നെ തുടരുന്നു. സംസ്ഥാനത്തിന്റെയും ലക്ഷദ്വീപിന്റെയും പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിക്കുന്നത്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. മുംബെയ് നഗരത്തിലും മഹാരാഷ്ട്ര മേഖലയിലും കനത്തമഴയും കല്ല്യാണില്‍ റെയില്‍വേ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണത് ട്രെയിന്‍ ഗാതഗതം തടസപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ കൊങ്കന്‍ പാത വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് നിസ്സാമുദ്ദീനിലേക്കുള്ള രാജധാനി, എറണാകുളത്തുനിന്നുള്ള ഓഘ, തിരുവനന്തപുരത്തുനിന്നുള്ള നിസ്സാമുദ്ദീന്‍ എക്സ്‌പ്രസ്, എറണാകുളം-നിസ്സാമുദ്ദീന്‍, തിരുവനന്തപുരത്തുനിന്നുള്ള കുര്‍ള എന്നിവ റദ്ദാക്കി. കൊച്ചുവേളി -ഇന്‍ഡോര്‍, നിസ്സാമുദ്ദീന്‍ – എറണാകുളം, ലോകമാന്യതിലക് – തിരുവനന്തപുരം, വേരാവല്‍ – തിരുവനന്തപുരം, ചണ്ഡീഗഡ് – കൊച്ചുവേളി, തിരുനെല്‍വേലി – ഗാന്ധിധാം തുടങ്ങിയവ തമിഴ്നാട്ടിലൂടെ വഴിതിരിച്ചുവിട്ടു.

തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 24 മണിക്കൂറില്‍ 115.5 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയും ലഭിക്കും.

യെല്ലോ അലര്‍ട്ട്

2021 ജൂലൈ 24: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 2021 ജൂലൈ 25:ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 2021 ജൂലൈ 26 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here