സമഗ്രസാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യയും യു.എ.ഇ.യും ഒപ്പുവെച്ചതോടെ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ യുഗം പിറക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപരംഗത്ത് ഇനി വലിയ വഴികൾ തുറക്കപ്പെടും. കഴിഞ്ഞ എട്ടുവർഷത്തോളമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായ യു.എ.ഇ.യിൽനിന്നും കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപ പദ്ധതികളെത്തും. 1985-ൽ എണ്ണയിതര ഉഭയകക്ഷി വ്യാപാരം 180 മില്യൻ ഡോളറായിരുന്നു.

2020-2021 സാമ്പത്തിക വർഷത്തിൽ അത് 43 ബില്യൻ ഡോളറിന് മുകളിലെത്തി. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള മൊത്തം വിദേശവ്യാപാരം 60 ബില്യൻ ഡോളറിൽനിന്ന്‌ ഇനി 100 ബില്യൻ ഡോളറിലേക്കെത്തും.

സമഗ്രസാമ്പത്തിക കരാറിന്മേലുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തുടർന്ന് കരാറിന്റെ കരട് രേഖയ്ക്ക് ഡിസംബറിൽ രണ്ടുരാജ്യങ്ങളും അംഗീകാരം നൽകുകയും ചെയ്തിരുന്നു.

സ്വതന്ത്ര വ്യാപാരകരാർ കോവിഡനന്തര സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ഇടപാടുകൾ വർധിക്കും. വിപണിയിൽ കൂടുതൽ നേട്ടമുണ്ടാകും.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഇത് ഗുണംചെയ്യും. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപപദ്ധതികളുടെ സമഗ്ര രൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്ക് മാർഗനിർദേശങ്ങൾ നൽകുക, നിക്ഷേപ നിധി കണ്ടെത്തുക, വിനിയോഗത്തിന് മാർഗരേഖകൾ തയ്യാറാക്കുക എന്നിവയും പുതിയ കരാറിന്റെ ഭാഗമാണ്.

ഇന്ത്യയിൽനിന്ന്‌ പ്രധാനമായും യു.എ.ഇ.യിലേക്ക് കയറ്റി അയക്കുന്ന വസ്തുക്കളിൽ പ്രധാനമായ ലോഹങ്ങൾ, സ്വർണം, ധാന്യം, ധാതുക്കൾ, പഴം, പച്ചക്കറി, തേയില, മാംസം, കടൽ വിഭവങ്ങൾ, രാസവസ്തുക്കൾ, മരം ഉത്‌പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിലും കരാർ ഗുണംചെയ്യും.

പെട്രോളിയം, വജ്ര സ്വർണാഭരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യയിലേക്ക് തിരികെ ഇറക്കുമതി ചെയ്യുന്നത്. ഊർജമേഖലയിലും റിയൽ എസ്‌റ്റേറ്റിലും യു.എ.ഇ. ഇന്ത്യയിൽ നിക്ഷേപംനടത്തുന്നതിനൊപ്പം റെയിൽവേ, റോഡ് മേഖലകളിൽ പരസ്പരനിക്ഷേപത്തിന് സാങ്കേതികവിദ്യകൾ കൈമാറാൻ ഇരുവരും നേരത്തെതന്നെ ധാരണയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here