അടുത്ത അഞ്ച് വർഷത്തിനകം ഇന്ത്യ-യു.എ.ഇ. വ്യാപാര ഇടപാട് ഇരട്ടിയാകുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ.) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് ഷത്താഫ് പറഞ്ഞു. എസ്.സി.സി.ഐ. യുടെ നേതൃത്വത്തിൽ നടന്ന ഷാർജ-ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ യു.എ.ഇ. 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനകം വ്യാപാര ഇടപാട് 10,000 കോടി ഡോളറായി ഉയർന്നേക്കും. സ്വർണ വ്യവസായം, മെഡിക്കൽ ഉപകരണങ്ങൾ, വിവരസാങ്കേതികവിദ്യ, തുണിത്തരങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ ഇത് നേടാനാകും.

ഇന്ത്യയിൽനിന്നുള്ളവർക്ക് ഷാർജ ഫ്രീസോണുകളിൽ വിവിധ പദ്ധതികൾ ആരംഭിക്കാൻ എസ്.സി.സി.ഐ സൗകര്യമൊരുക്കും. ഷാർജ ഏതാണ്ട് 22,242 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ ഭൂരിഭാഗവും വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യം എന്നീ മേഖലകളിൽ പ്രാവീണ്യം നേടിയവയാണ്.

ഇന്ത്യയിൽ എണ്ണ, വാതകം, വിനോദസഞ്ചാരം, നിർമാണം തുടങ്ങിയ മേഖലകളിൽ യു.എ.ഇ .നിക്ഷേപകരുടെ എണ്ണവും വർധിച്ചു. കൂടാതെ യു.എ.ഇ.ക്കും ഇന്ത്യക്കും ഇടയിൽ ആഴ്ചയിൽ ഏകദേശം 1,106 വിമാനങ്ങളാണ് വ്യാപാര ആവശ്യാർഥം പറക്കുന്നത്.

സുപ്രധാന മേഖലകളിലെ സഹകരണത്തിനായി യു.എ.ഇ.യും ഇന്ത്യയും തമ്മിൽ 33 കരാറുകളുണ്ട്. വരുംവർഷങ്ങളിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അബ്ദുൽ അസീസ് വ്യക്തമാക്കി. ബിസിനസ് ഫോറത്തിൽ ഗ്ലോബൽ നെറ്റ്‌വർക്ക് ഇന്ത്യ ഭാരവാഹികൾ, കെട്ടിടനിർമാണം, ഇലക്ട്രോണിക്സ്, ഭക്ഷ്യോത്പന്നങ്ങൾ, കൃഷി, ആരോഗ്യം എന്നീ മേഖലകളിലെ കമ്പനി പ്രതിനിധികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here