ന്യുഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിനുകളിലെത്തിക്കാനുള്ള നിർദേശവുമായി റെയിൽവേ. സംസ്ഥാന സർക്കാരുകളുടെ പരിശോധനകൾക്ക് ശേഷം പ്രത്യേക ബസുകളിൽ ഇവരെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കും. പൂർണമായും സൗജന്യമായിട്ടാകണം സേവനമെന്നും തയ്യാറാക്കിയ രൂപരേഖയിൽ പറയുന്നു

അനൗദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷമോ ലോക്ക് ഡൗൺ സമയത്തോ സർക്കാർ തീരുമാനമെടുത്താൽ യാത്ര എങ്ങനെ പ്രായോഗികമാക്കാം എന്നത് മുൻകൂട്ടിക്കണ്ടാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികൾക്കായി ആയിരക്കണക്കിന് സർവീസുകൾ നടത്തേണ്ടി വരുമെന്നും റെയിൽവേ കണക്കാക്കുന്നുണ്ട്. യുപി, മധ്യപ്രദേശ് സർക്കാരുകൾ കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച ആലോചന തുടങ്ങിയത്.

ബസുകളുടെ എണ്ണവും യാത്രക്കാരുടെ വിവരങ്ങളും സംസ്ഥാനങ്ങൾ തയ്യാറാക്കണം. ഹോട്ട് സ്‌പോട്ടുകളും ട്രെയിൻ നിർത്താതെ പോകേണ്ട സ്ഥലങ്ങളും സംസ്ഥാനങ്ങൾ നിർദേശിക്കണം. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കരുത്. സ്റ്റേഷനുകളിലടക്കം സാമൂഹിക അകലം പാലിക്കണം.

യാത്രനിയന്ത്രണം എടുത്തുകളഞ്ഞാൽ സാധാരണ യാത്രക്കാർക്ക് പുറമെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും വൻജനക്കൂട്ടം രൂപപ്പെടുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ നീക്കുന്നതിന് മുമ്പ് കുടിയേറ്റ യാത്രക്കാരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് വിവേകമെന്നും റെയിൽവേ കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here