ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്ബ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങള്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡല്‍ഹി പോലീസ്‌ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഒരു ഇമെയില്‍ ലഭിച്ചുവെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ എന്‍.ഐ.സി. പറഞ്ഞു. ഉദ്യോഗസ്ഥന്‍ മെയിലിലെ അറ്റാച്ച്‌മെന്റില്‍ ക്ലിക്ക് ചെയ്തതോടെ സിസ്റ്റത്തില്‍ സംഭരിച്ച എല്ലാ ഡാറ്റയും ഇല്ലാതാകുകയായിരുന്നു.

സൈബര്‍ ആക്രമണം ബെംഗളൂരുവിലെ ഒരു ഐ.ടി. കമ്ബനിയില്‍ നിന്നാണ് ഉണ്ടായതെന്നാണ് വിവരം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ്ങളുമാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ സൂക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here