പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരി എ, ബുണ്ടസ് ലിഗ, ലീഗ് 1… കൊറോണയെ തുടര്‍ന്ന് യൂറോപിലെ പ്രധാന ഫുട്‌ബോള്‍ ലീഗുകളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. ഇവിടെയെല്ലാം സീസണ്‍ പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ പോലും ആശങ്കകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ യൂറോപിലെ ഒരേയൊരു ഫുട്‌ബോള്‍ ലീഗിന് മാത്രം കൊറോണ ഭീഷണിയായിട്ടില്ല, ബെലാറസ് ഫുട്‌ബോള്‍ ലീഗിന്.
പതിവുപോലെ മത്സരങ്ങള്‍ നടക്കുകയും കാണികള്‍ പ്രോത്സാഹിപ്പിക്കാനെത്തുകയും ചെയ്യുന്നുണ്ട് ബെലാറസ് ഫുട്‌ബോള്‍ ലീഗില്‍. മറ്റു മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ യൂറോപിന്റെയും ലോകത്തിന്റെ തന്നെയും ശ്രദ്ധ പതിവില്ലാത്ത വിധം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. സീസണ്‍ മാറ്റിവെക്കാനോ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താനോ ഉദ്ദേശമില്ലെന്ന് ബെലാറസ് അധികൃതര്‍ ഈമാസം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ശരാശരി 2500 പേര്‍ മാത്രം നേരിട്ട് കളികാണാനെത്തിയിരുന്ന ബെലാറസ് ഫുട്‌ബോള്‍ ലീഗിന് കാണികളുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച്‌ ടെലിവിഷനിലൂടെ തല്‍സമയം കളി കാണുന്നവരുടെ എണ്ണത്തില്‍. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റഷ്യ, ഇസ്രായേല്‍, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലേക്ക് കൂടി സംപ്രേക്ഷണം ചെയ്യുകയാണ് ബെലാറസ് ഫുട്‌ബോള്‍ ഫെഡറേഷന്‍. മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യമായ ബെലാറസ് 1994 ജൂലൈ 20ന് പിറന്ന ശേഷം ഇതുവരെ അലക്‌സാണ്ടര്‍ ലുകാഷെന്‍കോ തന്നെയാണ് അവിടെ പ്രസിഡന്റ്. കൊറോണ വൈറസ് ബാധയെ പേടിക്കേണ്ടതില്ലെന്നും ഇവിടെ വൈറസൊന്നുമില്ലെന്നുമുള്ള അഭിപ്രായക്കാരനാണ് 65കാരനായ ലുകാഷെന്‍കോ. മുട്ടില്‍ നിന്ന് ജീവിക്കുന്നതിനേക്കാള്‍ നിവര്‍ന്നു നിന്നു മരിക്കുന്നതാണ് ഭേദമെന്നും കഴിഞ്ഞ ശനിയാഴ്ച്ച പതിവ് ഐസ് ഹോക്കി മത്സരത്തിന് ശേഷം ലുകാഷെന്‍കോ പറഞ്ഞിരുന്നു. ഇതെല്ലാം കേട്ട് 95 ലക്ഷം ജനങ്ങളുള്ള ബെലാറസില്‍ കൊവിഡ് 19 രോഗികളേ ഇല്ലെന്നും നിയന്ത്രണങ്ങള്‍ ശൂന്യമാണെന്നും കരുതരുത്. ഇതുവരെ 94 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കടപ്പാട് : മീഡിയ വൺ ടി.വി

LEAVE A REPLY

Please enter your comment!
Please enter your name here