ഏറെ ശ്രദ്ധിക്കപ്പെട്ട ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന സിനിമയുടെ സംവിധായകനാണ് ടിനു പാപ്പച്ചന്‍. ആന്റണി വര്‍ഗീസും ചെമ്ബന്‍ വിനോദും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിനു പാപ്പച്ചന്റെ ‘അജഗജാന്തരം’ എന്ന സിനിമ റിലീസിനായി കാത്തിരിക്കുകയാണ്. ഇതിനുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനായി എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ക്യാപ്റ്റന് ശേഷം പ്രജീഷ് സെന്‍- ജയസൂര്യ കോംബോ ഒന്നിക്കുന്ന ‘മേരീ അവാസ് സുനോ’ എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഞ്ജു വാര്യറാണ് ചിത്രത്തിലെ നായിക. ഇതിനു പിന്നാലെയാണ് ടിനു പാപ്പച്ചന്റെ സിനിമയില്‍ നായകനായി ജയസൂര്യ എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ജയസൂര്യയുമൊത്തുള്ള ടിനു പാപ്പച്ചന്‍ മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് അജഗജാന്തരം. ഇതിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ജയസൂര്യയാണ് പുറത്തിറക്കിയത്. ”ടിനു പാപ്പച്ചന്റെ മാജിക് വീണ്ടും.. ആന്റണിക്കും ടീമിനും ആശംസകള്‍” എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ കുറിച്ചത്. പൂരപ്പറമ്ബിലേയ്‌ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും ഒരുക്കുന്നു. കോവിഡ് ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെക്കന്റ് ഷോയ്ക്ക് അനുമതി ഇല്ലാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

12 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here