കാസർകോഡ് ജനറൽ ആശുപത്രിയിൽ കോവിഡ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തോളം രോഗികൾക്ക് ബാംഗ്ലൂർ, കൊച്ചി, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ നിന്ന് തുടർചികിത്സ വേണോ എന്ന അന്വേഷണവുമായി ഫോൺകോളുകൾ എത്തിയതായി റിപ്പോർട്ട്. രോഗമുക്തി നേടിയവരുമായുള്ള ഡോക്ടർമാരുടെ ഫോൺ സംഭാഷണവും ഇതോടനുബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, ടെലിമെഡിസിന്റെ ഭാഗമായുള്ള ഫോൺ കോളുകളാണ് ഇവയെന്നും കൂടുതൽ അപാകതകൾ ഒന്നും ഇതിലില്ല എന്നും കോവിഡ് സെൽ ഇതിനോട് പ്രതികരിച്ചു. അതേ സമയം, ബാംഗ്ലൂരിലെയും കൊച്ചിയിലെയും ആശുപത്രികളിൽ നിന്നായി വന്ന ഫോൺവിളികൾ അന്വേഷിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും തുടർചികിത്സയെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും മറ്റു വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഡോക്ടർ വിളിച്ചത് സർക്കാർ ഉത്തരവാദിത്വത്തിലാണ് എന്നും അധികൃതർ സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചത് കാസർകോട് ജനറൽ ആശുപത്രിയിൽ ആണ്. ഇവിടെ നിന്ന് രോഗികളുടെ വ്യക്തിപരമായ വിവരങ്ങൾ ദുരന്തനിവാരണ സെലിനും ആരോഗ്യവകുപ്പിന്റെ കോവിഡ് സെല്ലിനും മാത്രം നൽകി വരവേ, സ്വകാര്യ ആശുപത്രികൾക്ക് ഇവ ലഭ്യമായതിനെക്കുറിച്ച് ഏറെ ദുരൂഹതകൾ നിലനിൽക്കുന്നു. കോവിഡ് രോഗത്തിനും തുടർചികിത്സയ്ക്കും സർക്കാർ ആശുപത്രികൾ മാത്രമാണ് ആശ്രയിക്കേണ്ടത് .രോഗികളുടെ മുഴുവൻ വിവരങ്ങളും സർക്കാരിൻറെ നിയന്ത്രണത്തിനു കീഴിലുമാണ്. ഇങ്ങനെയിരിക്കെ സ്വകാര്യ ആശുപത്രികൾ ബന്ധപ്പെട്ടത് ഗുരുതരമായ വീഴ്ചയാണെന്നും
വ്യക്തമായി അന്വേഷിക്കുമെന്നും കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here