തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു. അതിൽ കണ്ണൂരിൽ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടി പേർ രോഗമുക്തി നേടി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലം തന്നെയാണിത്. ബ്രിട്ടിഷ് എയർവെയ്സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിൽനിന്നും തിരുവനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്കു പോയി. കോവിഡ് രോഗം ഭേദപ്പെട്ട 7 വിദേശപൗരന്മാരും ഇതിലുണ്ട്.

സംസ്ഥാനം കോവിഡ് പ്രതിരോധത്തിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ചാണ് അവർ പോയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച 2പേർ ഇന്നു രോഗമുക്തരായി. ഇവിടെ കേന്ദ്രസർക്കാർ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആകെ സംസ്ഥാനം അംഗീകരിച്ചു നടപ്പാക്കുകയാണ്. ഹോട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ബാധകമായ നിയന്ത്രങ്ങൾ, ഉദാഹരണത്തിന് വിമാന യാത്ര, ട്രെയിൻ, മെട്രോ, മറ്റു പൊതുഗതാഗത മാർഗങ്ങള്‍ എന്നിവ പൂർണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയും നിയന്ത്രണങ്ങളുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം കേന്ദ്രസർക്കാർ നിർത്തിയിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here