സച്ചിന്‍‌ തെൻ‍ഡുൽക്കറിനെ പുറത്താക്കാനുള്ള എല്ലാ തന്ത്രങ്ങളും പാളിപ്പോകുമ്പോൾ അദ്ദേഹം സ്വയം എന്തെങ്കിലും പിഴവുവരുത്തി പുറത്താകാൻവേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ താരം പൊള്ളോക്ക്. ബാറ്റിങ്ങിന്റെ കാര്യത്തിൽ അപൂർവമായി മാത്രം ദൗർബല്യങ്ങൾ പ്രകടമാക്കിയിരുന്ന സച്ചിൻ, അതിനെ മറികടക്കാനും വഴി കണ്ടെത്തിയിരുന്നുവെന്ന് പൊള്ളോക്ക് അഭിപ്രായപ്പെട്ടു. സ്കൈ സ്പോർട്സുമായി സംസാരിക്കുമ്പോഴാണ് പൊള്ളോക്ക് ഇക്കാര്യം പറഞ്ഞത്.

‘ചിലസമയത്ത്, പ്രത്യേകിച്ചും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കളിക്കുമ്പോള്‍ സച്ചിനെ പുറത്താക്കാൻ നമ്മളെക്കൊണ്ടു പറ്റുമോ എന്നു പോലും പലപ്പോഴും സംശയിച്ചിട്ടുണ്ട്. പിന്നെ ചെയ്യാനുള്ളത് അദ്ദേഹം എന്തെങ്കിലും പിഴവു വരുത്താൻ വേണ്ടി കാത്തിരിക്കുക മാത്രമാണ്. എല്ലാ ആയുധങ്ങളും പ്രയോഗിച്ച് തന്ത്രങ്ങളെല്ലാം പാളിക്കഴിയുമ്പോൾ അദ്ദേഹം പിഴവുവരുത്തുന്നതിനായി ഞങ്ങൾ കാത്തിരുന്നിട്ടുണ്ട്’ – പൊള്ളോക്ക് വെളിപ്പെടുത്തി.

സച്ചിൻ തന്റെ പരിമിതികളെ മറികടക്കുന്നതെങ്ങനെയെന്നും പൊള്ളോക്ക് വിവരിച്ചു. ‘സ്വന്തം കളിയെ ശരിക്കു മനസ്സിലാക്കാനും അതിനനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാനും സച്ചിനു കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയിൽ പോകുമ്പോൾ ഷോർട്ട് പിച്ച് പന്തുകൾ കളിക്കാൻ സാധിക്കാത്തതിനെക്കുറിച്ച് ഒരിക്കൽ സച്ചിൻ എന്നോടു വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം പന്തുകൾ വിക്കറ്റ് കീപ്പറിനും സ്ലിപ്പിനും മുകളിലൂടെ ബൗണ്ടറി കടത്തുന്ന രീതി സച്ചിൻ കണ്ടെത്തി’ – പൊള്ളോക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here