സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച ആളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എന്നാല്‍ വൈറസ് ബാധയെ കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ ആദ്യ വൈറസ് ബാധ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

കൊവിഡ് 19 വൈറസ് ബാധ പ്രായമുള്ളവരില്‍ വരുന്നത് വളരെ അപകടമാണെന്നും കോട്ടയത്ത് രോഗം സ്ഥിരീകരിച്ച 88 വയസും 96 വയസുമുള്ള രണ്ടുപേരുടെ ഫലം ഇതുവരെ നെഗറ്റീവായിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇവരുടെ കൂടെ ആശുപത്രിയില്‍ അഡ്മിറ്റായ പലരുടെയും ഫലം നെഗറ്റീവായെന്നും മന്ത്രി വ്യക്തമാക്കി.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്. ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച്‌ 16 നാണ്. 22ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here