ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ നിശ്ചലമായതോടെ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന ഈ നീണ്ട വിശ്രമം സ്വാഗതാർഹമാണെന്ന് പരിശീലകൻ രവി ശാസ്ത്രി. കോവിഡ് ഭീതിയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കുകയും ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ എല്ലാ ആഭ്യന്തര ടൂർണമെന്റുകളും ബിസിസിഐ റദ്ദാക്കി. ഇതോടെ താരങ്ങളെല്ലാം വീടുകളിലേക്കു മടങ്ങി. ഈ സാഹചര്യത്തിലാണ് വീണുകിട്ടിയ വിശ്രമം സമയം അനുഗ്രഹമായെന്ന പരിശീലകന്റെ പ്രസ്താവന. മത്സരങ്ങളുടെ ആധിക്യത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പലതവണ ബിസിസിഐയ്ക്കെതിരെ പരോക്ഷ പരാമർശവുമായി രംഗത്തെത്തിയിരുന്നു.

ഈ വിഡിയോ കണ്ണീരിലാഴ്ത്തി: ആരോഗ്യപ്രവർത്തകരെ പുകഴ്ത്തി ക്ലോപ്പ്

‘വിശ്രമത്തിന് സമയം കിട്ടി എന്നത് മോശമായി കാണേണ്ട കാര്യമില്ല. ന്യൂസീലൻഡ് പര്യടനത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മാനസികമായും ശാരീകമായും മടുപ്പിന്റെ ലക്ഷണങ്ങൾ പലരും പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പരുക്കിന്റെ ലക്ഷണങ്ങളും കണ്ടു’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

അഞ്ച് ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഉൾപ്പെടുന്ന സുദീർഘമായ പരമ്പരയ്ക്കു ശേഷം തിരിച്ചെത്തിയ താരങ്ങൾക്ക് ഉന്മേഷം വീണ്ടെടുക്കാനുള്ള അവസരമാണ് ഇതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ 10 മാസത്തിനിടെ നമ്മൾ കളിച്ച മത്സരങ്ങളുടെ എണ്ണം എത്രയധികമാണ്. ഞാനുൾപ്പെടെ പരിശീലക സംഘത്തിലെ മിക്കവരും കഴിഞ്ഞ മേയ് 23ന് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോയശേഷം വീട്ടിൽ തങ്ങിയിരിക്കുന്നത് പത്തോ പതിനൊന്നോ ദിവസം മാത്രമാണ്’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

‘ടീമിലെ ചില താരങ്ങൾ മൂന്നു ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നവരാണ്. അവരുടെ മടുപ്പും ക്ഷീണവും നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. കൂടുതൽ സമയം ഗ്രൗണ്ടിൽ ചെലവഴിക്കുന്നതും ട്വന്റി20യിൽനിന്ന് ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറാനുള്ള മാനസിക അധ്വാനവും തുടർച്ചയായ ദീർഘ യാത്രകളും എത്രയധികമാണ് കളിക്കാരെ ബാധിക്കുക’ – ശാസ്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here