കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 5 ജില്ലകളിലായി 43.36 ശതമാനം പോളിങ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.10 വരെയുള്ള കണക്കനുസരിച്ച്‌ കോട്ടയം 43.50, എറണാകുളം 42.98, തൃശൂര്‍ 43.13, പാലക്കാട് 43.46, വയനാട് 45.17 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോര്‍പ്പറേഷനില്‍ 31.47, തൃശൂര്‍ കോര്‍പ്പറേഷനില്‍ 34.15 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

രാവിലെ മുതല്‍തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണു നടക്കുന്നത്. ആകെ വോട്ടര്‍മാര്‍ 98,57,208. സ്ഥാനാര്‍ഥികള്‍ 28,142. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവര്‍ക്കു പിപിഇ കിറ്റ് ധരിച്ച്‌ വൈകിട്ട് 6ന് അകം ബൂത്തിലെത്തി വോട്ട് ചെയ്യാം.

കോവിഡിനെ ഭയന്ന് മാറിനില്‍ക്കാതെ രണ്ടാം ഘട്ട വോട്ടെടുപ്പിലും വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തുകയാണ്. സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വോട്ടര്‍മാരുടെ നീണ്ടനിര തന്നെയുണ്ട് പോളിങ് ബൂത്തുകളില്‍. പ്രായമായവര്‍ ഉള്‍പ്പെടെ ആവേശം ചോരാതെ വോട്ട് ചെയ്യാനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here