2011ലെ ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വില്‍ക്കുകയായിരുന്നുവെന്നും അന്വേഷണം വേണമെന്നും വിവാദ പ്രസ്താവന നടത്തിയ ലങ്കന്‍ മുന്‍ കായികമന്ത്രി നിലപാട് മാറ്റി. സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നാണ് മഹിന്ദാനന്ദ അലുത്ഗാമഗെ ഇപ്പോള്‍ പറയുന്നത്. മുന്‍ കായികമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2011ലെ ഇന്ത്യ ശ്രീലങ്ക ലോകകപ്പ് ഫൈനലിനെതിരെയാണ് അന്ന് കായികമന്ത്രിയും ഇപ്പോള്‍ ലങ്കന്‍ ഊര്‍ജ്ജമന്ത്രിയുമായ മഹിന്ദാനന്ദ അലുത്ഗാമഗേ ഒത്തുകളി ആരോപണം ഉന്നയിച്ചത്. മുംബൈയില്‍ നടന്ന ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്കു വിറ്റുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് മഹിന്ദാനന്ദ പറഞ്ഞത്.

മുന്‍ കായികമന്ത്രിയുടെ ആരോപണത്തിനെതിരെ 2011 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി അടിച്ച ജയവര്‍ധനെയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തോ? സര്‍ക്കസ് തുടങ്ങിയോ എന്നായിരുന്നു മുന്‍ ലങ്കന്‍ കായികമന്ത്രിയോടുള്ള ജയവര്‍ധനയുടെ പ്രതികരണം. സച്ചിനേയും ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരേയും തൃപ്തിപ്പെടുത്താനെങ്കിലും നിഷ്പക്ഷമായ അന്വേഷണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഇന്ത്യന്‍ സര്‍ക്കാരും തയ്യാറാവണമെന്നാണ് ഡിസില്‍വ ആവശ്യപ്പെട്ടത്. ലോകകപ്പ് ഒത്തുകളിയാണെന്ന ആരോപണം നിരവധി പേരെ ബാധിക്കുന്നതാണ്. കളിക്കാര്‍, സെലക്ടര്‍മാര്‍, ടീം മാനേജ്മെന്റ് പ്രത്യേകിച്ചും ലോകകിരീടം നേടിയ ഇന്ത്യന്‍ ടീം എല്ലാവരേയും ഇത് ബാധിക്കും. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ വ്യക്തതവേണമെന്നും അരവിന്ദ ഡിസില്‍വ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here