ആഴ്ചകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയില്‍ പരിശീലനത്തിനെത്തി. ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചിരുന്നു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍.

എന്നാല്‍, സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയായിരുന്നു. പക്ഷെ, ജൂണില്‍ ഈ വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞു എന്ന് ക്ലബ് പറയുന്നു. അതുകൊണ്ട് തന്നെ താരത്തിനു ഫ്രീ ഏജന്‍്റായി ക്ലബ് വിടാന്‍ കഴിയില്ല എന്നും ബാഴ്സലോണ അറിയിച്ചു. ഇതിനു പിന്നാലെ മെസിയെ ലഭിക്കണമെങ്കില്‍ ക്ലബുകള്‍ 700 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കണമെന്ന് ലാലിഗ ഗവേണിംഗ് ബോഡി അറിയിക്കുകയും ചെയ്തു.

ക്ലബ് വിടുന്നു എന്ന് പ്രഖ്യാപിച്ച താരം മാനേജ്മെന്റിന്റെ പിടിവാശിക്കൊടുവില്‍ ക്ലബിനെ കോടതി കയറ്റാന്‍ താത്പര്യമില്ലെന്നറിയിച്ചാണ് ഈ സീസണ്‍ കൂടി ഇവിടെ തുടരാന്‍ തീരുമാനിച്ചത്. അതേസമയം, മെസിക്ക് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യ ചില ദിവസങ്ങളില്‍ താരം ഒറ്റക്ക് പരിശീലനം നടത്തും. അതിനു ശേഷം അദ്ദേഹം ടീം അംഗങ്ങള്‍ക്കൊപ്പം ചേരും. ശനിയാഴ്ച നാസ്റ്റികിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ പ്രീ സീസണ്‍ പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here