കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഒന്നാം ഘട്ടത്തിന് ഖത്തറില്‍ നാളെ തുടക്കമാവും. എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാം. വിശ്വാസികള്‍ക്കായി 500 പള്ളികള്‍ തുറക്കും. വ്യായാമത്തിനായി 8 പബ്ലിക് പാര്‍ക്കുകളും തുറക്കും. ഷോപ്പിങ് മാളുകള്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

നാലു ഘട്ടങ്ങളിലായി കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിനാണ് നാളെ (ജൂണ്‍ 15) മുതല്‍ തുടക്കമാകുന്നത്. ഇതു പ്രകാരം രാജ്യത്തെ എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറും മന്ത്രാലയം നല്‍കിയിട്ടുണ്ട്.

500 പള്ളികള്‍ നാളെ മുതല്‍ തുറക്കുമെങ്കിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം ഓഗസ്റ്റ് മുതല്‍ക്കേ ആരംഭിക്കുകയുള്ളു. പള്ളികളിലെത്തുന്ന വിശ്വാസികള്‍ ഔഖാഫ്-ഇസ്‌ലാമിക് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകളും പാലിക്കണം. ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പരിമിതമായ ശേഷിയില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here