ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തയ്യാറാടെക്കുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാകാന്‍ ‍എയ൪ ഇന്ത്യക്കും, ഇന്ത്യൻ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.

കോവിഡ് കേസുകൾ ഗണ്യമായി കൂടുന്ന പശ്ചാത്തലത്തിൽ നാട്ടിലെത്തിക്കണമെന്ന ആവിശ്യവുമായി സാമുഹിക മാധ്യമങ്ങൾ വഴിയും ഇ-മെയിൽ വഴിയും നിരവധി പരാതികളാണ് വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ എംബസികൾക്ക് ലഭിച്ചിരുന്നത്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് മതിയായ സൗകര്യം ഒരുക്കുമെന്ന് വ്യക്തമാക്കി കേരളം നേരത്തെ തന്നെ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം നടപടികളാരംഭിച്ചത്. ഗൾഫ് പ്രവാസികളെ കൊണ്ടുവരാനായി വിമാനങ്ങളും കപ്പലുകളും തയ്യാറാക്കി വെക്കാൻ എയ൪ ഇന്ത്യക്കും ഇന്ത്യൻ നാവിക സേനക്കും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നി൪ദേശം നൽകി. ഒരു കപ്പലിൽ 500 പേരെ വീതം കൊണ്ടുവരാനാകുമെന്ന് ഇന്ത്യൻ നാവിക സേനയും 500 വിമാനങ്ങൾ ഇതിനായി സജ്ജമാണെന്ന് എയ൪ ഇന്ത്യയും കേന്ദ്രത്തെ അറിയിച്ചതായാണ് വിവരം. തിരിച്ചെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കേന്ദ്രം കൂടിയാലോചന നടത്തി വരികയാണ്. അഞ്ച് ലക്ഷം പ്രവാസികളെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാന സംസ്ഥാനത്തുണ്ടെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. അതേസമയം തിരിച്ചുകൊണ്ടുവരുന്നതിൽ ആ൪ക്കാണ് മുൻഗണന നൽകേണ്ടത് എന്നത് സംബന്ധിച്ച് കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ച൪ച്ച നടന്നുവരികയാണെന്നാണ് വിവരം.

ഗൾഫ് രാജ്യങ്ങൾക്കൊപ്പം യുഎസിൽ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും പ്രവാസികളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പ്രത്യേക വിമാനങ്ങളിലോ നിർത്തിവച്ചതിൽ ചില സർവീസുകൾ താൽക്കാലികമായി അനുവദിച്ചോ ആവും യാത്രാ സൗകര്യമൊരുക്കുക. വിമാനക്കൂലി യാത്രക്കാർ നൽകേണ്ടി വന്നേക്കും. ലക്ഷക്കണക്കിന് ആളുകൾ മടങ്ങിവരാനുണ്ടാവും. അവർക്കെല്ലാം സൗജന്യയാത്ര അനുവദിക്കുക പ്രായോഗികമല്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here