കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം സജീവമായ സാഹചര്യത്തില്‍ ഡെലിവറി സേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രംഗത്തെത്തി. ഉപഭോക്താക്കളുടെയും ഡെലിവറി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷയും സൗകര്യവും പരിഗണിച്ചാണിത്.

ഭക്ഷണ പദാര്‍ഥങ്ങള്‍, വിവിധ സാധനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന എല്ലാ ഡെലിവറി സ്ഥാപനങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. ദുബായ് പൊലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ആര്‍ടിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഡെലിവറിക്കായി മോട്ടോര്‍ബൈക്കുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, ഡെലിവറി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം, ബോധവല്‍ക്കരണ കാമ്ബയിനുകള്‍, ഡെലിവെറിയുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് ആപ്പുകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ പെരുമാറ്റച്ചട്ടം.

ഡെലിവറി ബൈക്ക് ഓടിക്കുന്നവര്‍ സര്‍ട്ടിഫൈഡ് ഹെല്‍മറ്റും യൂനിഫോമും ധരിക്കണം, മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗത പാടില്ല, ബൈക്കില്‍ ഒന്നില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുത്, ബൈക്കുകള്‍ റോഡിലെ ഇടതു ലൈന്‍ ഉപയോഗിക്കരുത്, ഡെലിവറിക്കായി ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത് തുടങ്ങിയവ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടും.

ഡെലിവറി ജീവനക്കാരുടെയും ഡെലിവറി സാധനങ്ങളുടെയും സുരക്ഷിതത്വം പരിഗണിച്ചുള്ളവയാണ് ഈ നിര്‍ദ്ദേശങ്ങള്‍. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് ഡെലിവറി സേവനങ്ങള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ചട്ടങ്ങള്‍ രൂപപ്പെടുത്തിയതെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here