ന്യൂഡല്‍ഹി∙ സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ‘സ്വയം ആശ്രിതം’ എന്നാണു മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ഥമെന്നും നിര്‍മല പറഞ്ഞു. സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അർഥമില്ല. കോവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ വിവരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് പാക്കേജ്. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയത്. സമ്പദ്ഘടനയിൽ ഇതുവരെ വരുത്തിയ മാറ്റങ്ങൾ പാവങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തമായ തുടർച്ചയുണ്ടാകും. വിപുലമായ പരിഷ്കാരങ്ങൾ വരും.

∙ വൈദ്യുതി കമ്പനികൾക്ക് 90,000 കോടി. കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക.

∙ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീം

∙ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 45,000 കോടി രൂപയുടെ പാർഷ്യൽ ക്രഡിറ്റ് ഗ്യാരന്റി സ്കീം.

∙ ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകും.

∙ വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.

∙ 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക.

∙ 45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭിക്കും.

∙ ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.

∙ സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മെക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

∙ മികച്ച നിലയിൽ‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടിയുടെ സഹായം.

∙ ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതമാണ് സർക്കാർ അടയ്ക്കുന്നത്.

∙ 15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ്.

∙ 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി

∙ സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു.

∙ ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.

∙ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി

∙ തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം.

∙ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക

∙ വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം

∙ സർക്കാർ കരാറുകൾ ആറു മാസം നീട്ടി നൽകും.

രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നൽകാനുമള്ള ടാസ്ക് ഫോഴ്സിനെ നയിക്കുകയും ചെയ്യുന്ന നിർമല സീതാരാമൻ ബുധനാഴ്ച അറിയിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10% വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രവാസികൾക്കുമുൾപ്പെടെ ഗുണകരമാകുന്ന പാക്കേജാകും വരുന്നതെന്ന സൂചന പ്രധാനമന്ത്രി നൽകിയിരുന്നു. ഒരു സ്വയംപര്യാപ്ത ഇന്ത്യയെ വാർത്തെടുക്കാനായി വിവിധ തട്ടിലുള്ളവരുടെ മുന്നേറ്റത്തിന് ഊന്നൽ നൽകുന്നതെല്ലാം പാക്കേജിൽ ഉണ്ടെന്നും പ്രധാനമന്ത്രി സൂചന നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here